ട്രാൻസ്ജൻഡർ വ്യക്തികൾക്ക് പരീക്ഷാ പരിശീലനത്തിന് പദ്ധതിയുമായി സംസ്ഥാന സർക്കാർ. മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന ട്രാൻസ്ജൻഡറുകൾക്ക് സാമ്പത്തിക സഹായം നൽകുന്ന പദ്ധതിക്കാണ് സംസ്ഥാന സർക്കാർ രൂപം നൽകിയത്. യത്നം പദ്ധതിയിലൂടെയാണ് മത്സര പരീക്ഷകൾക്ക് സാമ്പത്തിക സഹായം നൽകുക. പദ്ധതി ഈ സാമ്പത്തിക വർഷം ആരംഭിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു.
ട്രാൻസ്ജൻഡർ വ്യക്തികൾക്ക് വിവിധ തൊഴിൽമേഖലകളിൽ പ്രാതിനിധ്യം ഉറപ്പാക്കാനും അവരുടെ സാമ്പത്തികശാക്തീകരണത്തിനുമായാണ് യത്നം ആരംഭിക്കുന്നത്. പി.എസ്.സി, യു.പി.എസ്.സി, ബാങ്ക് സേവനം, ആർ ആർ ബി, യുജിസി, നെറ്റ്, ജെആർഎഫ്, സിഎടി/മാറ്റ് പരീക്ഷകൾക്ക് പരിശീലനത്തിനാണ് സാമ്പത്തികസഹായം.
വിവിധ മത്സരപ്പരീക്ഷകളിൽ പങ്കെടുക്കുന്നവരിൽ ആറുമാസംവരെയുള്ള പരിശീലനത്തിന് 8500 രൂപ വരെ അനുവദിക്കും. പത്തു വ്യക്തികൾക്കാണ് ഈ സഹായം നൽകുക. പി.എസ്.സി, യു.പി.എസ്.സി, ബാങ്ക് സേവനം, ആർ ആർ ബി പരീക്ഷാപരിശീലനത്തിന് പത്തു വ്യക്തികൾക്ക് പരമാവധി 40,000 രൂപ വീതം വരെ അനുവദിക്കും. യുജിസി, നെറ്റ്, ജെആർഎഫ് പരീക്ഷാപരിശീലനത്തിന് അഞ്ചു വ്യക്തികൾക്ക് പരമാവധി 40,000 രൂപ വീതം വരെയും നൽകുമെന്നും മന്ത്രി ഡോ. ആർ ബിന്ദു വ്യക്തമാക്കി.