വനിതാ സംവരണ ബിൽ പാസാക്കാത്തതിന് കാരണം ഉത്തരേന്ത്യൻ രാഷ്ട്രീയ നേതാക്കളാണെന്ന് എൻസിപി ദേശീയ അധ്യക്ഷൻ ശരത് പവാർ. പൂനെ ഡോക്ടേഴ്സ് അസോസിയേഷൻ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു. ലോക്സഭയിലും എല്ലാ സംസ്ഥാന നിയമസഭകളിലും ഇനിയും സ്ത്രീകൾക്കായി 33 ശതമാനം സീറ്റുകൾ സംവരണം ചെയ്യാൻ ലക്ഷ്യമിടുന്ന വനിതാ സംവരണ ബില്ല് പാസാകാത്തത് സംബന്ധിച്ച ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
ലോക്സഭാംഗമായിരുന്ന കാലം മുതൽ താൻ ഈ വിഷയത്തിൽ പാർലമെൻറിൽ ശക്തമായി വാദിച്ചിരുന്നു. പാർലമെൻറിൻ്റെ, പ്രത്യേകിച്ച് ഉത്തരേന്ത്യയുടെ, മാനസികാവസ്ഥ വനിത സംവരണബില്ലിന് അനുകൂലമായിരുന്നില്ല. ഞാൻ കോൺഗ്രസ് ലോക്സഭാംഗമായിരുന്നപ്പോൾ സ്ത്രീ സംവരണ വിഷയത്തെ കുറിച്ച് സംസാരിച്ചിരുന്നതായി ഓർക്കുന്നുണ്ട്. പാർലമെൻറിൽ, ഒരിക്കൽ ഈ വിഷയത്തിൽ എൻറെ പ്രസംഗം പൂർത്തിയാക്കി, ഞാൻ തിരിഞ്ഞുനോക്കിയപ്പോൾ, കോൺഗ്രസ് പാർട്ടിയിലെ ഭൂരിപക്ഷം എംപിമാരും എഴുന്നേറ്റു പോയി. കോൺഗ്രസിലെ ആളുകൾക്ക് പോലും ഇത് ദഹിക്കുന്നില്ല എന്നും ശരത് പവാർ പറഞ്ഞു.
വനിതാ സംവരണ ബിൽ പാസാക്കാൻ എല്ലാ പാർട്ടികളും ശ്രമിക്കണം. താൻ മഹാരാഷ്ട്ര മുഖ്യമന്ത്രിയായിരുന്നപ്പോൾ ജില്ലാ പരിഷത്ത്, പഞ്ചായത്ത് സമിതി തുടങ്ങിയ തദ്ദേശ സ്ഥാപനങ്ങളിൽ വനിതാ സംവരണം കൊണ്ടുവന്നിരുന്നു. ആദ്യം എതിർത്തെങ്കിലും പിന്നീട് ആളുകൾ അത് അംഗീകരിച്ചു എന്നും ശരദ് പവാർ വ്യക്തമാക്കി.