ബീഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവിൻ്റെ ജാമ്യം റദ്ദാക്കണമെന്ന് സിബിഐ. അഴിമതി കേസിൽ കേന്ദ്ര അന്വേഷണ ഏജൻസിയിലെ ചില ഉദ്യോഗസ്ഥരെ തേജസ്വി യാദവ് ഭീഷണിപ്പെടുത്തിയെന്നാണ് സിബിഐയുടെ ആരോപണം. കഴിഞ്ഞ ദിവസം തേജസ്വി യാദവിൻ്റെ ജാമ്യം റദ്ദാക്കാൻ സിബിഐ ഡൽഹി കോടതിയിൽ അപേക്ഷ നൽകി. ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയത് ജാമ്യവ്യവസ്ഥയുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. സിബിഐയുടെ അപേക്ഷയിൽ തേജസ്വി യാദവിനെതിരെ കോടതി നോട്ടീസ് അയച്ചു.
ആർജെഡി ദേശീയ പ്രസിഡന്റും മുൻ ബീഹാർ മുഖ്യമന്ത്രിയുമായിരുന്ന ലാലു പ്രസാദ് യാദവ് മൻമോഹൻ സിങ് സർക്കാരിൽ റെയിൽവേ മന്ത്രിയായിരുന്നു. റെയിൽവെ മന്ത്രിയായിരിക്കെ രണ്ട് ഐആർസിടിസി ഹോട്ടലിന്റെ കരാർ ഒരു സ്വകാര്യ സ്ഥാപനത്തിന് നൽകി പ്രതിഫലം പറ്റിയെന്നാണ് കേസ്. ഈ കേസിൽ ലാലു പ്രസാദ് യാദവിന് പുറമെ ഭാര്യ ര്യ റാബ്റി ദേവി, മകൻ തേജസ്വി യാദവ് എന്നിവരും പ്രതികളായിരുന്നു. കേസിൽ 2018 ൽ ഇവർക്ക് ജാമ്യം ലഭിച്ചിരുന്നു.