കണ്ണൂർ മുസ്ലിം ലീഗിലെ വിഭാഗിയത പരിഹരിക്കാൻ ദേശീയ ജനറൽസെക്രട്ടറി കുഞ്ഞാലിക്കുട്ടി നടത്തിയ അനുനയ ചർച്ച പരാജയം. നിലപാടിൽ നിന്ന് പിന്നോട്ടില്ലെന്ന് അനുനയ ചർച്ചയിൽ കുഞ്ഞാലിക്കുട്ടി ഉൾപ്പടെയുള്ള മുതിർന്ന ലീഗ് നേതാക്കളെ രാജിവെച്ച നേതാക്കൾ അറിയിച്ചു.
കഴിഞ്ഞ ദിവസം രാത്രിയാണ് മുസ്ലിം ലീഗ് കൂത്തുപറമ്പ് മണ്ഡലം പ്രസിഡന്റ് പൊട്ടക്കണ്ടി അബ്ദുള്ള അടക്കമുള്ള നേതാക്കൾ പാർട്ടിയിൽ നിന്ന് രാജിവെച്ചിരുന്നു. പൊട്ടക്കണ്ടി അബ്ദുള്ള കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഫ് സ്ഥാനാർഥിയുമായിരുന്നു. ജില്ലാ കമ്മിറ്റി അംഗം വി നാസർ, മണ്ഡലം ജനറല്‍ സെക്രട്ടറി ഷാഹുൽ ഹമീദ് എന്നിവരും രാജിവെച്ചിരുന്നു. ഇതിനുപുറമെ മണ്ഡലം സെക്രട്ടറിമാർ, വൈസ് പ്രസിഡന്റുമാർ തുടങ്ങിയവരും രാജിവെച്ചു.
കല്ലിക്കണ്ടി എന്‍എം കോളേജ് ഭരണസമിതിയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളെത്തുടര്‍ന്നാണ് രാജി. എന്‍എം കോളേജ് നടത്തിപ്പുമായി ബന്ധപ്പെട്ട് ഏറെ നാളായി ലീഗില്‍ വിഭാഗീയത നിലനില്‍ക്കുകയായിരുന്നു. മണ്ഡലം കമ്മിറ്റിയെ അറിയിക്കാതെ കഴിഞ്ഞ ദിവസം കോളജിൽ നടത്തിയ പരിപാടിയിൽ ലീഗ് നേതാവ് ഇ ടി മുഹമ്മദ് ബഷീർ പങ്കെടുത്തതും വിവാദമായിരുന്നു. ഇ ടി മുഹമ്മദ് ബഷീറിൻ്റെ നടപടിക്കെതിരെ നേതാക്കൾ സംസ്ഥാന നേതൃത്വത്തിന് പരാതി നൽകിയിരുന്നു. പ്രശ്നങ്ങൾ പരിഹരിക്കാന്‍ സംസ്ഥാന – ജില്ലാ നേതൃത്വങ്ങള്‍ ശ്രമിച്ചിരുന്നെങ്കിലും ഫലമുണ്ടായില്ല. ഇതോടെയാണ് കണ്ണൂർ ലീഗിൽ കൂട്ടരാജിയുണ്ടായത്.