ബിജെപി നേതാവും മുന്‍ കര്‍ണാടക മുഖ്യമന്ത്രിയുമായ ബി എസ് യെദ്യൂരപ്പയ്ക്കും മകനും സംസ്ഥാന ബിജെപി വൈസ് പ്രസിഡന്റുമായ ബി വൈ വിജയേന്ദ്രയ്ക്കുമെതിരെ കൈക്കൂലിക്കേസ്. കര്‍ണാടക ലോകായുക്ത പൊലീസാണ് സംസ്ഥാനത്തെ പ്രമുഖ ബിജെപി നേതാക്കള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. ബെംഗളൂരു വികസന അതോറിറ്റിയുടെ ഹൗസിംഗ് കരാര്‍ അനുവദിക്കുന്നതിനായി കൈക്കൂലി ആവശ്യപ്പെട്ടതിനാണ് അഴിമതി നിരോധന നിയമപ്രകാരം കേസെടുത്തിരിക്കുന്നത്. യെദ്യൂരപ്പയെയും മകനെയും കൂടാതെ അദ്ദേഹത്തിൻ്റെ മൂന്ന് കുടുംബാഗങ്ങള്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.
2019ല്‍ ബംഗലൂരൂ വികസന അതോറിറ്റിയുടെ 666 കോടി രൂപയുടെ ഹൗസിഗ് കോണ്‍ട്രാക്ട് ലഭിക്കാന്‍ യെദ്യൂരപ്പ ബംഗലൂരൂ വികസന അതോറിറ്റി കമ്മീഷണറായ ജി സി പ്രകാശ് വഴി ചന്ത്രകാന്ത് രാമലിഗം എന്നയാളില്‍ നിന്ന് 12 കോടി രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്നാണ് കേസ്. ഇതില്‍ ബി വൈ വിജയേന്ദ്രയ്ക്കും പങ്കുണ്ടെന്ന് 2020 ല്‍ ഒരു സ്വകാര്യ ടെലിവിഷന്‍ ചാനല്‍ വാര്‍ത്ത പുറത്തുവിട്ടിരുന്നു. ഇത് കൂടാതെ ബില്ലുകള്‍ പാസാക്കാന്‍ ഇതേ ചന്ത്രകാന്ത് രാമലിംഗത്തില്‍ നിന്ന് യെദ്യൂരപ്പയുടെ ചെറുമകന് ശശീധര്‍ മറാഡി 12.5 കോടി രൂപ ആവശ്യപ്പെട്ടെന്നാണ് മറ്റൊരു കേസ്. കൈക്കൂലി ആവശ്യപ്പെട്ടതിന് തെളിവായി വാട്ട്സ്ആപ്പ് സന്ദേശങ്ങള്‍ പുറത്തുവന്നിരുന്നു. ഈ തെളിവുകളുടെ അടിസ്ഥാനത്തില്‍ സാമൂഹ്യപ്രവര്‍ത്തകന്‍ ടി ജെ എബ്രഹാം നല്കിയ പരാതിയിലാണ് കേസ്.
യെദ്യൂരപ്പ നിലവില്‍ ബിജെപി പാര്‍ലമെൻ്ററി ബോര്‍ഡ് അംഗമാണ്. 2023 നിയമസഭാ തെരഞ്ഞെടുപ്പില്‍ തനിക്ക് പകരം മകനെ ഉയര്‍ത്തിക്കൊണ്ടുവരാനുള്ള ശ്രമത്തിലാണ്. ഇതിനിടെയാണ് ഇരുവര്‍ക്കുമെതിരായ കേസ്.