എസ് എഫ് ഐ അഖിലേന്ത്യാ ജാഥയുടെ ഗുജറാത്ത് പര്യടനത്തിന് തുടക്കമായി.സാബര്‍ കാണ്ഠ ജില്ലയിലെ സാഗ്പൂരില് അഖിലേന്ത്യാ ജാഥയ്ക്ക് സ്വീകരണം നല്കി. വിവിധ ജാഥകളായി 24 സംസ്ഥാനങ്ങളില്‍ പര്യടനം നടത്തിയ ശേഷമാണ് അഖിലേന്ത്യാ ജാഥ ഗുജറാത്തില്‍ പ്രവേശിച്ചത്. എസ് എഫ് ഐ കേന്ദ്ര സെക്രട്ടറിയേറ്റ് അംഗം നിതീഷ് നാരായണന് നയിക്കുന്ന ജാഥ വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ ആരവല്ലി, ഗാന്ധി നഗര്‍ തുടങ്ങിയ മേഖലകളില്‍ പര്യടനം നടത്തി അഹമ്മദാബാദിലാണ് സമാപിക്കുക. സമാപന യോഗം എസ് എഫ് ഐ അഖിലേന്ത്യാ അധ്യക്ഷന്‍ വി പി സാനു ഉദ്ഘാടനം ചെയ്യും.
സാഗ്പൂരിലെ ജാഥാ സ്വീകരണം വിദ്യാര്‍ത്ഥികളെക്കൂടാതെ പൊതുജന പങ്കാളിത്തംകൊണ്ടും ശ്രദ്ധേയമായി. ജാഥയുടെ ഭാഗമായി വിദ്യാര്‍ത്ഥികളുടെ കലാപ്രകടനങ്ങള്‍ , പ്രദര്‍ശനങ്ങള്‍,തുടങ്ങിയവയുമുണ്ട്.
കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ബിജെപി ശക്തിദുര്‍ഗങ്ങളില്‍ പര്യടനം നടത്തുന്നില്ലെന്ന വിമര്‍ശനത്തിനിടെയാണ് ബിജെപിയുടെ ശക്തികേന്ദ്രമായ ഗുജറാത്തിലെ എസ് എഫ് ഐ ജാഥയെന്നതാണ് ശ്രദ്ധേയം. ബിജെപി ഭരിക്കുന്ന ഗുജറാത്തില്‍ രാഹുല്‍ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര പര്യടനം നടത്തുന്നില്ല. ഇതിനിടെയാണ് ഇടതുപക്ഷത്തിന് അടിത്തറയില്ലാത്ത ഗുജറാത്തില്‍ മൂന്ന് ദിവസം എസ് എഫ് ഐ ജാഥ പര്യടനം നടത്തുന്നത്. ഗുജറാത്ത്, യുപി പോലെയുള്ള ബിജെപി സംസ്ഥാനങ്ങള്‍ കേന്ദീകരിക്കാതെ കേരളം പോലെ ബിജെപിക്ക് സ്വാധീനമില്ലാത്ത സംസ്ഥാനം കേന്ദ്രീകരിച്ച് ജാഥ നടത്തുന്നത് കേരളം ഭൂമിശാസ്ത്രപരമായി വെര്ട്ടിക്കലായതുകൊണ്ടാണെന്നായിരുന്നു കോണ്‍ഗ്രസ് നേതാവിയം
ന്യായീകരണം.ഇതിനിടെയാണ് ബിജെപിക്കെതിരായ പോരാട്ടത്തിന് ഭൂമിശാസ്ത്രമല്ല പരിഗണിക്കേണ്ടതെന്നും,രാഷ്ട്രീയ ഇച്ഛാശക്തിയാണ് അനിവാര്യമെന്നുള്ള സന്ദേശവുമായി എസ് എഫ് ഐ ജാഥ പര്യടനം നടത്തുന്നത്
നേരത്തെ അഖിലേന്ത്യാ ജാഥയുടെ ത്രിപുരയിലെ പര്യടനത്തിനിടെ ബിജെപി സര്‍ക്കാര്‍ ജാഥയ്ക്ക് നേരെ പൊലീസ് അതിക്രമം അഴിച്ചുവിട്ടിരുന്നു. ഇത്തരം അടിച്ചമര്‍ത്തല്‍ നീക്കങ്ങളെ അതിജീവിച്ചുകൊണ്ടായിരുന്നു ജാഥ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പര്യടനം നടത്തിയത്.