കര്‍ണ്ണാടകയിലെ ബാഗേപളളിയില്‍ സിപിഎം സംഘടിപ്പിക്കുന്ന മഹാറാലി ഇന്ന് നടക്കും. സിപിഎം പൊളിറ്റ് ബ്യൂറോ അംഗവും കേരളാ മുഖ്യമന്ത്രിയുമായ പിണറായി വിജയന് റാലിയുടെ ഭാഗമായുള്ള പൊതുയോഗം ഉദ്ഘാടനം ചെയ്യും. സംസ്ഥാനത്തിൻ്റെ വിവിധഭാഗങ്ങളില്‍ നിന്ന് പതിനായിരങ്ങള്‍ റാലിയിലും പൊതുയോഗത്തിലും അണിനിരക്കും. പിണറായി വിജയനെക്കൂടാതെ പി ബി അംഗങ്ങളായ ബേബി, ബി.വി. രാഘവലു എന്നിവരും പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കും. രാവിലെ പതിനൊന്നോടെയാണ് റാലി. പരിപാടിയില്‍ പങ്കെടുക്കുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയന് ഇന്നലെ തന്നെ ബംഗലൂരുവില്‍ എത്തിയിരുന്നു.
കര്‍ണാടകയിലെ സിപിഎമ്മിൻ്റെ പ്രധാന ശക്തി കേന്ദ്രമാണ് ബാഗേപള്ളി. എ.കെ.ജിയുടെ നേതൃത്വത്തില്‍ നടന്ന ഭൂസമരത്തേത്തുടര്ന്നായിരുന്നു ബാഗേപള്ളിയില്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് വേരോട്ടമുണ്ടായത്. 1983ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ സി.പി.ഐ.എം സ്ഥാനാര്‍ത്ഥി അപ്പസ്വാമിറെഡിയുടെ വിജയത്തോടെ ബാഗേപ്പള്ളിയുടെ തെരഞ്ഞെടുപ്പ് ചരിത്രത്തിലും സിപിഎം നിര്‍ണായക ശക്തിയായി. പിന്നീട് ജിവി ശ്രീരാമ റെഡി രണ്ട് തവണ തിരഞ്ഞെടുക്കപ്പെട്ടു.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ നിസാര വോട്ടുകള്‍ക്കായിരുന്നു സിപിഎമ്മിൻ്റെ പരാജയം. കര്‍ണാടകയില്‍ അടുത്ത വര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ മണ്ഡലം പിടിക്കാന്‍ ലക്ഷ്യമാക്കിയുള്ള പ്രവര്‍ത്തനങ്ങള്‍ പാര്‍ട്ടി ആരംഭിച്ചുകഴിഞ്ഞു. ഇതിൻ്റെ ഭാഗമായാണ് നാളത്തെ റാലിയും പൊതുയോഗവും