മധു വധക്കേസിൽ കൂറുമാറിയ ഇരുപത്തിയൊൻമ്പതാം സാക്ഷിക്ക് തിരിച്ചടി. ഇരുപത്തിയൊൻമ്പതാം സാക്ഷി സുനിൽകുമാറിന്റെ കാഴ്ചശക്തിക്ക് യാതൊരു തകരാറുമില്ലെന്ന് ഡോക്ടർ നയന രാമൻകുട്ടി വ്യക്തമാക്കി. കഴിഞ്ഞ ദിവസം നടന്ന വിസ്താരത്തിൽ തനിക്ക് കാഴ്ചകുറവുണ്ടെന്നും താനൊന്നും കണ്ടില്ലെന്നും സുനിൽകുമാർ പറഞ്ഞിരുന്നു.
കാഴ്ചക്കുറവുണ്ടെന്ന് കളവ് പറഞ്ഞതിന് സുനിൽകുമാറിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ കോടതിയിൽ അപേക്ഷ നൽകിയിരുന്നു. പിന്നാലെ കൂറുമാറിയ സാക്ഷി സുനിൽകുമാറിൻ്റെ കാഴ്ച പരിശോധനാ റിപ്പോർട്ട് ഹാജരാക്കാനും കോടതി നിർദേശിച്ചിരുന്നു. സെപ്റ്റംബർ പതിനഞ്ചിന് സുനിൽകുമാറിൻ്റെ കാഴ്ച പരിശോധനാഫലം ഉൾപ്പെടുന്ന വിശദമായ മെഡിക്കൽ റിപ്പോർട്ട് പോലീസ് കോടതിയിൽ ഹാജരാക്കി. ഇന്ന് സുനിൽകുമാറിന്റെ കാഴ്ചശക്തി പരിശോധിച്ച ഡോക്ടറെയും കോടതി വിസ്തരിച്ചു. വിസ്താരത്തിലാണ് സുനിൽകുമാറിന്റെ കാഴ്ചശക്തിക്ക് യാതൊരു തകരാറുമില്ലെന്ന് ഡോക്ടർ വ്യക്തമാക്കിയത്. സുനിൽ കുമാർ ഉൾപ്പടെ മധു വധക്കേസിൽ ഇരുപത്തിയൊന്ന് സാക്ഷികളാണ് കൂറുമാറിയത്.