ഏഴ് പതിറ്റാണ്ടിന് ശേഷം ഇന്ത്യയിൽ ചീറ്റ പുലികൾ തിരിച്ചെത്തി. ഇന്നലെ നമീബിയയിൽ നിന്നും എട്ട് ചീറ്റപ്പുലികളുമായുള്ള പ്രത്യേക വിമാനം ഇന്ത്യയിലേക്ക് പുറപ്പെട്ടിരുന്നു. ഇന്ന് രാവിലെയാണ് ചീറ്റകളുമായി പ്രത്യേക വിമാനം ഗ്വാളിയാർ വിമാനത്താവളത്തിലെത്തിയത്. ടെറ ഏവിയ എന്ന മൊൾഡോവൻ എയർലൈൻസിന്റെ പ്രത്യേകം സജ്ജമാക്കിയ ബോയിംഗ് 747 വിമാനത്തിലാണ് ചീറ്റകൾ ഇന്ത്യയിലെത്തിയത്.
അഞ്ച് പെൺ ചീറ്റപ്പുലികളും മൂന്ന് ആൺ ചീറ്റപ്പുലികളുമാണ് ഇന്ത്യയിലെത്തിയത്. തുടർന്ന് വ്യോമസേനയുടെ പ്രത്യേക ഹെലികോപ്റ്റുകളിലാണ് കൂനോ നാഷണൽ പാർക്കിലേക്ക് എത്തിച്ചത്. ചീറ്റപ്പുലികളെ മധ്യപ്രദേശിലെ കുമോ നാഷണൽ പാർക്കിൽ പ്രധാനമന്ത്രി നരേന്ദ്രമോദി തുറന്ന് വിട്ടു. ചീറ്റപ്പുലികളെ ഒരു മാസം പ്രത്യേക ക്വാറൻറീനിൽ താമസിപ്പിക്കും. ക്വാറൻറീന് ശേഷം ചീറ്റകളെ കുനോ നാഷണൽ പാർക്കിലേക്ക് സ്വൈര്യ വിഹാരത്തിന് തുറന്നുവിടും.
ചീറ്റ പുലികൾക്ക് രണ്ടു വയസുമുതൽ ആര് വയസുവരെയാണ് പ്രായം. വംശനാശം സംഭവിച്ച വന്യജീവികളെയും ആവാസവ്യവസ്ഥയേയും പുനരുജ്ജീവിപ്പിക്കാൻ ലക്ഷ്യമിട്ട് 2009ൽ ആവിഷ്ക്കരിച്ച പദ്ധതിയിലാണ് ചീറ്റകളെ ഇന്ത്യയിലെത്തിച്ചത്.