കോൺഗ്രസിനെ ദുർബലപ്പെടുത്താൻ രാഹുൽ ഗാന്ധിയുണ്ടെന്ന് അരവിന്ദ് കെജ്രിവാൾ. ഡൽഹിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അടുത്ത ഗുജറാത്ത് തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് വോട്ട് ചെയ്ത് നിങ്ങളുടെ അവസരം പാഴാക്കരുത്. പകരം ആം ആദ്മിയെ തെരഞ്ഞെടുക്കു എന്നും കെജ്രിവാൾ പറഞ്ഞു.
നിങ്ങൾ എന്നോട് തുറന്ന് പറയണം. കോൺഗ്രസിനെ ദുർബലപ്പെടുത്താൻ എൻ്റെ ആവശ്യമുണ്ടോ. അതിന് രാഹുൽ മതിയാവില്ലേ. എന്നായിരുന്നു കെജ്രിവാളിൻ്റെ പരിഹാസം കലർന്ന പ്രതികരണം. താൻ ആരേയും കണ്ണടച്ച് എതിർക്കുന്നില്ല. പക്ഷെ ഈ സഖ്യ രാഷ്ട്രീയത്തെക്കുറിച്ച് പിടികിട്ടുന്നില്ല. സഖ്യത്തെകുറിച്ചും സീറ്റ് കൈമാറ്റത്തെക്കുറിച്ചും എനിക്ക് മനസ്സിലാവുന്നില്ല. വിവിധ കക്ഷികളിൽപ്പെട്ടവർക്ക് ഒന്നിച്ച് രാജ്യത്തെ മുന്നോട്ട് നയിക്കാൻ കഴിയില്ല. 130 കോടി ജനങ്ങൾ ഒന്നിച്ച് അണിനിരക്കണം. നിങ്ങൾക്ക് മികച്ച വിദ്യാലയങ്ങളും റോഡും ആശുപത്രികളും വേണമെങ്കിൽ എന്നെവിളിക്കൂ എന്നും കെജ്രിവാൾ പറഞ്ഞു.
ഗുജറാത്തിൽ അടുത്ത വർഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ കെജ്രിവാൾ പ്രചാരണത്തിലാണ്. നേരത്തെ സർക്കാർ ജീവനക്കാരോട് ആം ആദ്മി പാർട്ടിക്ക് വേണ്ടി ജോലി ചെയ്യാൻ കെജ്രിവാൾ ആഹ്വനം ചെയ്തെന്നാരോപിച്ച് സർക്കാർ ജീവനക്കാർ തെരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി നൽകിയിരുന്നു. ഗുജറാത്തിലെ മുൻ സർക്കാർ ജീവനക്കാരാണ് കെജ്രിവാളിനെതിരെ പരാതി നൽകിയത്.