കർണാടകയിൽ മിശ്രവിവാവഹം തടഞ്ഞ് ബജ്റംഗ്ദൾ പ്രവർത്തകർ. മിശ്രവിവാഹം ചെയ്യാൻ സബ് രജിസ്ട്രാർ ഓഫീസിൽ എത്തിയ വരനെ ബജ്റംഗ്ദൾ പ്രവർത്തകർ ക്രൂരമായി ആക്രമിച്ചു. വിവാഹം ചെയ്യാനെത്തിയ മുസ്ലിം യുവാവിനാണ് ബജ്റംഗ്ദൾ പ്രവർത്തകരിൽ നിന്ന് മർദ്ദനമേറ്റത്. കർണാടകയിലെ ചിക്കമംഗളൂരുവിൽ സെപ്റ്റംബർ പതിനാലിനാണ് സംഭവം. ലക്ഷ്മിപുര സ്വദേശികളായ മുസ്ലിം യുവാവും ഹിന്ദു യുവതിയും തമ്മിലുള്ള വിവാഹമാണ് ബജ്റംഗ്ദൾ പ്രവർത്തകർ തടഞ്ഞത്.
ഇരുവരും രണ്ട് വർഷമായി പ്രണയത്തിലായിരുന്നു. മിശ്രവിവാഹത്തിന് പെൺകുട്ടിയുടെ അമ്മ ശോഭയുടെ പിന്തുണയും ഉണ്ടായിരുന്നു. എന്നാൽ ഹിന്ദു യുവതിയെ മുസ്ലിം യുവാവ് വിവാഹം ചെയ്യുന്നതിനെ പ്രദേശത്തെ ബജ്റംഗ്ദൾ പ്രവർത്തകർ എതിർക്കുകയായിരുന്നു. വരനെ മർദ്ദിച്ച ബജ്റംഗ്ദൾ പ്രവർത്തകർക്കെതിരെ യുവതിയും യുവാവും പോലീസിൽ പരാതി നൽകി. ഇരുവരുടെയും പരാതിയിൽ ബജ്റംഗ്ദൾ പ്രവർത്തകർക്കെതിരെ പോലീസ് കേസെടുത്തു. കേസിൽ നാല് ബജ്റംഗ്ദൾ പ്രവർത്തകർ അറസ്റ്റിലായി. ഗുരു, പ്രസാദ്, ഷാമ, പാർത്ഥിപൻ എന്നിവരാണ് അറസ്റ്റിലായത്.