തിരുവനന്തപുരം: ശ്രീകാര്യത്തെ എഞ്ചിനീയറിങ് കോളേജിന് മുന്നിലെ വിവാദ ബസ് കാത്തിരിപ്പുകേന്ദ്രം കോര്പറേഷന് പൊളിച്ചുനീക്കി. ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒന്നിച്ചിരിക്കുന്നത് ഒഴിവാക്കാന്‍ ഇവിടെയുണ്ടായിരുന്ന ബെഞ്ച് നേരത്തേ മുറിച്ചുമാറ്റി നടപടി വിവാദമായിരുന്നു. ജെന്‍ഡര്‍ ന്യൂട്രാലിറ്റി ബസ് സ്റ്റോപ്പ് നിര്‍മിക്കുമെന്നാണ് കോര്‍പറേഷൻ്റെ വിശദീകരണം. കോര്പറേഷന് ഉദ്യോഗസ്ഥരും പൊലീസും എത്തിയാണ് ബസ്റ്റ് സ്റ്റോപ്പ് പൊളിച്ചത്.
ശ്രീകാര്യത്തെ എന്‍ജിനീയറിംഗ് കോളജ് വിദ്യാര്‍ത്ഥികള്‍ ബസ് കാത്തിരിപ്പ് കേന്ദ്രത്തില്‍ ഒരുമിച്ചിരിക്കുന്നതിൻ്റെ ചിത്രങ്ങളും സോഷ്യല്‍ മിഡിയയില്‍ വൈറലായിരുന്നു. അടുത്തിരിക്കാനല്ലേ വിലക്കുള്ളൂ മടിയില്‍ ഇരിക്കാലോ എന്ന തലക്കെട്ടോടെയായിരുന്നു ഫോട്ടോ വിദ്യാര്‍ത്ഥികള്‍ പങ്കുവച്ചത്.പ്രശ്നം വിവാദമായതോടെ മേയര്‍ ഇടപെടുകയായിരുന്നു. ബസ് കാത്തിരിപ്പ് കേന്ദ്രം അനധികൃതമായി നിര്‍മ്മിച്ചതാണെന്നും പൊളിച്ചുനീക്കി പുതിയത് പണിയുമെന്നും മേയര്‍ ആര്യ രാജേന്ദ്രന് പറഞ്ഞിരുന്നു.