അനാഥൻ എന്ന വാക്ക് സാമൂഹിക അപമാനമല്ലെന്ന് ഹൈക്കോടതി. ബോംബെ ഹൈക്കോടതിയുടേതാണ് നിരീക്ഷണം. അനാഥൻ എന്ന വാക്ക് മാറ്റി ‘സ്വനാഥൻ’ എന്ന വാക്ക് ഉപയോഗിക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജി തള്ളിക്കൊണ്ടായിരുന്നു കോടതിയുടെ പ്രതികരണം. സ്വനാഥ് ഫൗണ്ടേഷനാണ് ഹൈക്കോടതിയിൽ പൊതുതാൽപ്പര്യ ഹർജി നൽകിയത്.
മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികൾ ദുർബലമായ സാഹചര്യത്തെ അഭിമുഖീകരിക്കുകയായിരിക്കും. അനാഥൻ എന്ന വാക്ക് ഉപയോഗിക്കുമ്പോൾ അവർ ദരിദ്രരും നിസ്സഹായരും നിരാലംബരുമാണെന്ന തോന്നലുണ്ടാക്കും. സ്വനാഥൻ എന്ന വാക്ക് ഉപയോഗിക്കുമ്പോൾ അതവരിൽ ആത്മവിശ്വാസവും സ്വയം പര്യാപ്തതയുമെല്ലാം വളർത്തുമെന്നായിരുന്നു സ്വനാഥ് ഫൗണ്ടേഷൻ്റെ വാദം. ചീഫ് ജസ്റ്റിസ് ദിപാങ്കർ ദത്തയടങ്ങിയ ബഞ്ചാണ് ഹർജി തള്ളിയത്. ചീഫ് ജസ്റ്റിസിന് പുറമെ ജസ്റ്റിസ് മാധവ് ജാംധറും ബഞ്ചിലുണ്ടായിരുന്നു.
എന്നാൽ അനാഥൻ എന്ന വാക്ക് കാലങ്ങളായി ഉപയോഗിക്കുന്നതാണെന്നും അതിൽ അപമാനകരമായി ഒന്നുമില്ലെന്നും കോടതി വ്യക്തമാക്കി. മാതാപിതാക്കൾ നഷ്ടപ്പെട്ട കുട്ടികൾക്ക് സാമൂഹിക അപമാനമാകുമെന്ന വാദത്തോടു യോജിക്കുന്നില്ല. അത് മാറ്റി പുതിയ വാക്ക് ഉപയോഗിക്കേണ്ടതില്ല. അനാഥൻ്റെ ഇംഗ്ലിഷ് വാക്ക് ഓർഫൻ എന്നാണ്. ഹിന്ദി, മറാഠി, ബംഗാളി ഭാഷയിലൊക്കെ അനാഥൻ എന്ന വാക്കിൻ്റെ പര്യായം ആണ് ഉപയോഗിക്കുന്നത്. ഇപ്പോൾ വാക്ക് മാറ്റാൻ പറയാനുള്ള ഹരജിക്കാരൻ ആരാണ്?. ഭാഷാശാസ്ത്രത്തെക്കുറിച്ച് അദ്ദേഹത്തിന് എന്തറിയാം എന്നും കോടതി ചോദിച്ചു.