പഞ്ചാബിലെ മുന്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് ബിജെപിയിലേക്ക്. തിങ്കളാഴ്ച ബിജെപി അംഗത്വം സ്വീകരിക്കും. കഴിഞ്ഞ വര്‍ഷം കോണ്‍ഗ്രസ് വിട്ട അമരീന്ദര്‍ സിംഗ് പഞ്ചാബ് ലോക് കോണ്‍ഗ്രസെന്ന പാര്‍ട്ടി രൂപീകരിച്ചിരുന്നു. ഈ പാര്‍ട്ടിയും ബിജെപിയില്‍ ലയിക്കും. ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദയുടെ സാന്നിദ്ധ്യത്തിലാകും ബിജെപി പ്രവേശം. അമരീന്ദര്‍ സിംഗിനൊപ്പം ആറോളം മുന്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍, അമരീന്ദറിന്റെ മകന്, മകള്‍, കൊച്ചുമകന് തുടങ്ങിയവരും ബിജെപിയില്‍ ചേരും
ബിജെപിയില്‍ ചേരുന്നതിന് മുന്നോടെയായി അമരീന്ദര്‍ സിംഗ് കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി ദില്ലിയില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. രണ്ട് ടേമുകളിലായി ഒന്‍പത് വര്‍ഷം പഞ്ചാബ് മുഖ്യമന്ത്രിയായിരുന്ന നേതാവാണ് അമരീന്ദര്‍ സിംഗ്. കഴിഞ്ഞ വര്‍ഷം പാര്‍ട്ടിയിലെ ആഭ്യന്തര കലാപത്തെത്തുടര്‍ന്ന് അമരീന്ദര്‍ സിംഗിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് കോണ്‍ഗ്രസ് നീക്കി. തൊട്ട് പിന്നാലെ പഞ്ചാബ് ലോക് കോണ്‍ഗ്രസ് രൂപീകരിച്ച അമരീന്ദര്‍ ബിജെപിയുമായി ചേര്‍ന്ന് സഖ്യമുണ്ടാക്കി കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചു. എന്നാല്‍ ആം ആദ്മി പാര്‍ട്ടി തരംഗത്തിനിടെ അമരീന്ദറിനും പാര്‍ട്ടിക്കും തെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടിയാണ് നേരിടേണ്ടി വന്നത്.
കഴിഞ്ഞ ദിവസം കോണ്‍ഗ്രസിൻ്റെ മുന്‍ ഗോവ മുഖ്യമന്ത്രി ദിഗംബര്‍ കാമത്ത് ബിജെപിയില്‍ ചേര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് കോണ്‍ഗ്രസ് മുഖ്യമന്ത്രിയായിരുന്ന മറ്റൊരു നേതാവ് കൂടി ബിജെപിയില്‍ ചേരുന്നത്.
ഗോവയില്‍ കോണ്‍ഗ്രസ് ബിജെപിയില്‍ ലയിച്ചു; മുന്‍ മുഖ്യമന്ത്രിയടക്കം 8 എംഎല്‍എമാര്‍ ബിജെപിയിലേക്ക്
മൂന്ന് വര്‍ഷത്തിനിടെ ഗോവ കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയിലെത്തിയത് 18 എംഎല്‍എമാര്‍