മുസ്ലീംലീഗില്‍ കെ എം ഷാജി- കുഞ്ഞാലിക്കുട്ടി വിഭാഗങ്ങള്‍ തമ്മിലുള്ള പോര് അവസാനിക്കുന്നില്ല. തനിക്കെതിരായ വിമര്‍ശനങ്ങളുടെ പേരില്‍ പാര്‍ട്ടി വിട്ടുപോകുമെന്ന് ആരും കരുതേണ്ടെന്ന് കെ എം ഷാജി. ലീഗ് പ്രവര്‍ത്തക സമിതി യോഗത്തില്‍ കെ എം ഷാജിക്കെതിരെ കുഞ്ഞാലിക്കുട്ടി വിഭാഗം രൂക്ഷ വിമര്‍ശനമുന്നയിച്ചിരുന്നു. ഇതിന് മറുപടിയായാണ് കെ എം ഷാജിയുടെ പ്രതികരണം.
മസ്കറ്റ് കെ എം സി സിയുടെ വേദിയിലായിരുന്നു ഷാജിയുടെ പ്രതികരണം. കെ എം ഷാജിക്കെതിരെ നിരന്തരം വിമര്‍ശനമുന്നയിച്ച് പാര്‍ട്ടിയില്‍ നിന്ന് പുകച്ചുപുറത്തുചാടിക്കാന്‍ ശ്രമിക്കുന്നുവെന്നാണ് അദ്ദേഹത്തിൻ്റെ അനുയായികളുടെ ആരോപണം. ഇതിനിടെയാണ് ഷാജിയുടെ പരസ്യമറുപടി. പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കുന്ന പരസ്യപ്രതികരണങ്ങളില്‍ നിന്ന് കെ എം ഷാജിയെ വിലക്കണമെന്ന് ലീഗ് യോഗത്തില്‍ ആവശ്യമുയര്‍ന്നിരുന്നു. ഇത് വകവയ്ക്കാതെയാണ് ഷാജിയുടെ പ്രതികരണം.