പാലക്കാട്: അട്ടപ്പാടി മധു വധകേസിൽ നാല് സാക്ഷികൾ കൂടി കൂറുമാറി. 32-ാം സാക്ഷി മനാഫ്, 34-ാം സാക്ഷി മണികണ്ഠൻ, 33-ാം സാക്ഷി രഞ്ജിത്ത്, 35-ാം സാക്ഷി അനൂപ് എന്നിവരാണ് കൂറുമാറിയത്. മണ്ണാർക്കാട് പട്ടിക വർഗ, പട്ടിക ജാതി കോടതിയിൽ സാക്ഷി വിസ്താരം തുടരുകയാണ്. ഇന്ന് 32 മുതൽ 35 വരെയുള്ള സാക്ഷികളെയാണ് വിസ്തരിച്ചത് . കഴിഞ്ഞദിവസം മൊഴിമാറ്റിപ്പറഞ്ഞ സുനിൽകുമാറിനെ കോടതിയിൽ ഹാജരാക്കി. അതേസമയം, കാഴ്ചക്കുറവുണ്ടെന്ന് കളവ് പറഞ്ഞതിന് സുനിൽകുമാറിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ കോടതിയിൽ അപേക്ഷ നൽകി. കൂറുമാറിയ സാക്ഷി സുനിൽകുമാറിൻ്റെ കാഴ്ച പരിശോധനാ റിപ്പോർട്ട് ഹാജരാക്കാൻ കോടതി നിർദേശിച്ചിരുന്നു.
ഇന്ന് സുനിൽകുമാറിൻ്റെ കാഴ്ച പരിശോധനാഫലം ഉൾപ്പെടുന്ന വിശദമായ മെഡിക്കൽ റിപ്പോർട്ടാണ് പൊലീസ് കോടതിയിൽ ഹാജരാക്കിയത്. കാഴ്ചയ്ക്ക് പ്രശ്നമില്ലെന്ന മെഡിക്കൽ റിപ്പോർട്ട് ജഡ്ജ് കോടതിയിൽ പറഞ്ഞപ്പോൾ കാഴ്ചയ്ക്ക് പലതരത്തിലുള്ള പ്രശ്നങ്ങളുണ്ടാവാമെന്നായി പ്രതിഭാഗം അഭിഭാഷകൻ.
മൊഴിമാറ്റിപ്പറഞ്ഞ സുനിൽകുമാർ ഉൾപ്പെടെ വനം വകുപ്പിലെ നാലും താൽക്കാലിക വാച്ചർമാരെയും ജോലിയിൽ നിന്ന് പിരിച്ചുവിട്ടിരുന്നു. ഇതുവരെ കൂറുമാറിയവരുടെ എണ്ണം 20 ആയി.