യുവാവിനെ ആക്രമിച്ച് ബീഫ് ഫ്രൈ തട്ടിയെടുത്തവർ പോലീസ് പിടിയിൽ. ആലപ്പുഴ സ്വദേശികളായ രണ്ടുപേരാണ് പോലീസ് പിടിയിലായത്. ആലപ്പുഴ കാർത്തികപ്പള്ളി വിഷ്ണുഭവനം വിഷ്ണുവിനേയും, പിലാപ്പുഴ വലിയതെക്കതിൽ ആദർശിനിയുമാണ് പോലീസ് അറസ്റ്റ് ചെയ്തത്. സെപ്റ്റംബർ 2ന് വൈകീട്ട് 3:30 ന് ദേശീയപാതയിൽ വെട്ടുവേനി ജംഗ്ഷനിലെ തട്ടുകടയ്ക്ക് സമീപമാണ് സംഭവം നടന്നത്. കാർത്തികപ്പള്ളി പുതുക്കുണ്ടം എരുമപ്പുറത്ത് കിഴക്കത്തിൽ വിഷ്ണുവാണ് ആക്രമിക്കപ്പെട്ടത്.
വെട്ടുവേനിയിലുള്ള തട്ടുകടയിൽനിന്ന് ബീഫ് ഫ്രൈ വാങ്ങി ബൈക്കിൽ പോകാൻ ശ്രമിക്കുന്നതിനിടെയാണ് ഇരുപത്തിയാറുകാരനായ വിഷ്ണു ആക്രമിക്കപ്പെട്ടത്. അക്രമികൾ വിഷ്ണുവിൻ്റെ കയ്യിലുണ്ടായിരുന്ന ബീഫ് ഫ്രൈ പിടിച്ചുവാങ്ങുകയും മർദ്ദിക്കുകയും ചെയ്തു. ആദ്യം പണം ആവശ്യപ്പെട്ട് ഭീഷണിപെടുത്തിയ സംഘം പണം കിട്ടാതായതോടെയാണ് ബീഫ് ഫ്രൈ തട്ടിയെടുത്തത്. ഇതിന് ശേഷം അക്രമികൾ കാറിൽ കയറി രക്ഷപ്പെടുകയായിരുന്നു. ഹരിപ്പാട് സ്റ്റേഷൻ ഹൗസ് ഓഫീസർ വിഎസ് ശ്യാംകുമാറിൻ്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് പ്രതികളെ പിടികൂടിയത്.