പഞ്ചാബ് നാഷണല്‍ ബാങ്കിനെ വഞ്ചിച്ച് 42 കോടി രൂപ തട്ടിയെടുത്ത കേസില്‍ ആന്ധ്രപ്രദേശിലെ ബിജെപി നേതാവും മുന്‍ എംപിയുമായ കൊത്തപ്പള്ളി ഗീതയ്ക്ക് 5 വര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയും. ഹൈദരാബാദിലെ പ്രത്യേക സിബിഐ കോടതിയാണ് കഴിഞ്ഞ ദിവസം ബിജെപി നേതാവിനെ കുറ്റക്കാരിയെന്ന് കണ്ടെത്തി ശിക്ഷിച്ചത്. ഗീതയെക്കൂടാതെ അവരുടെ ഭര്‍ത്താവ് രാമകോട്ടേശ്വര് റാവുവടക്കം മറ്റ് 3 പേരെക്കൂടി കേസില്‍ ശിക്ഷിച്ചിട്ടുണ്ട്. ഇവരില്‍ രണ്ട് പേര് പഞ്ചാബ് നാഷണല്‍ ബാങ്ക് ഉദ്യോഗസ്ഥരാണ്.
ഗീതയുടെയും ഭര്‍ത്താവിൻ്റെയും നേതൃത്വത്തിലുള്ള വിശ്വേശ്വര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ് പഞ്ചാബ് നാഷണല്‍ ബാങ്കില്‍ ഉദ്യോഗസ്ഥരുടെ സഹായത്തോടെ തെറ്റായ രേഖകള്‍ സമര്‍പ്പിച്ച് ബാങ്കില്‍ നിന്ന് 42.79 കോടി തട്ടിയെടുത്തെന്നാണ് കേസ്. 2015ലായിരുന്നു സംഭവത്തില്‍ സിബിഐ എഫ് ഐ ആര് രജിസ്റ്റര്‍ ചെയ്തത്.
2014 ലോക്സഭാ തെരഞ്ഞെടുപ്പില്‍ വൈ എസ് ആര് കോണ്‍ഗ്രസ് ടിക്കറ്റില്‍ ആരാകു ലോക്സഭാ സീറ്റില്‍ നിന്ന് തെരഞ്ഞെടുപ്പ് വിജയിച്ച ഗീത 2019ലാണ് ബിജെപിയില്‍ ചേര്‍ന്നത്. ആഭ്യന്തര മന്ത്രി അമിത് ഷാ ആയിരുന്നു ഗീതയെ ബിജെപിയിലേക്ക് സ്വീകരിച്ചത്.