ജഡ്ജിമാരുടെ വിരമിക്കൽ പ്രായം ഉയർത്തണമെന്ന് ബാർ കൗൺസിൽ. സുപ്രീം കോടതി ജഡ്ജിമാരുടെയും ഹൈക്കോടതി ജഡ്ജിമാരുടെയും വിരമിക്കൽ പ്രായം ഉയർത്തണമെന്നാണ് ബാർ കൗൺസിൽ പ്രമേയം പാസാക്കിയത്. നിലവിൽ സുപ്രീം കോടതി ജഡ്ജിമാരുടെ വിരമിക്കൽ പ്രായം അറുപത്തിയഞ്ചും, ഹൈക്കോടതി ജഡ്ജിമാരുടെ വിരമിക്കൽ പ്രായം അറുപത്തിരണ്ടുമാണ്. എന്നാൽ സുപ്രീം കോടതി ജഡ്ജിമാരുടെ വിരമിക്കൽ പ്രായം അറുപത്തിയഞ്ചിൽ നിന്ന് അറുപത്തിഴേയാക്കണമെന്നും ഹൈക്കോടതി ജഡ്ജിമാരുടെ വിരമിക്കൽ പ്രായം അറുപത്തിരണ്ടിൽ നിന്ന് അറുപത്തിയഞ്ചാക്കണമെന്നുമാണ് ആവശ്യം.
സംസ്ഥാന ബാർ കൗൺസിലുകളുടെയും ഹൈക്കോടതി അസോസിയേഷനുകളുടെയും സംയുക്ത യോഗത്തിലാണ് പ്രമേയം പാസാക്കിയതെന്ന് ബാർ കൗൺസിൽ വാർത്താകുറിപ്പിൽ അറിയിച്ചു. പ്രമേയം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും നിയമ മന്ത്രി കിരൺ റിജ്ജുവിനും അയച്ചുകൊടുക്കാനും യോഗം തീരുമാനിച്ചു. ബാർ കൗൺസിൽ നിർദേശം സർക്കാർ അംഗീകരിച്ചാൽ നിലവിലെ ചീഫ് ജസ്റ്റിസ് യു യു ലളിതിന് രണ്ടു വർഷം കൂടി തുടരാം. നിലവിലെ സാഹചര്യത്തിൽ നവംബറിലാണ് യു യു ലളിത് വിരമിക്കേണ്ടത്. വിവിധ സ്റ്റാറ്റ്യൂട്ടറി കമ്മീഷനുകളുടെ അധ്യക്ഷ സ്ഥാനത്തേക്ക് മുതിർന്ന അഭിഭാഷകരെ കൂടി പരിഗണിക്കണമെന്നും ബാർ കൗൺസിൽ ആവശ്യപ്പെട്ടു. ഇതിനായി ആവശ്യമായ നിയമ നിർമാണം നടത്താൻ പാർലെമന്റിന്റോടും കൗൺസിൽ അഭ്യർത്ഥിച്ചു.