കൊച്ചി: സിറ്റി ഗ്യാസ് പദ്ധതിയിലേക്ക് ആലപ്പുഴ, തിരുവനന്തപുരം ജില്ലകളും. വീടുകളിൽ പാചകാവശ്യത്തിന് ചെലവുകുറഞ്ഞതും സുരക്ഷിതവുമായ പ്രകൃതിവാതകമെത്തിക്കുന്ന പദ്ധതിയാണ് സിറ്റി ഗ്യാസ് പദ്ധതി. ഇരുജില്ലകളിലുമായി 3000 വീടുകൾക്ക് നൽകിയ പ്രകൃതിവാതക കണക്ഷനുകൾ അടുത്തമാസം കമ്മീഷൻ ചെയ്യും. ഇതോടെ സംസ്ഥാനത്തെ 10 ജില്ലകളിലായി അമ്പതിനായിരത്തോളം വീടുകൾ പ്രകൃതിവാതകം ഉപയോഗിക്കുന്നവരായി മാറും.
ഇടുക്കി, കോട്ടയം, പത്തനംതിട്ട, വയനാട് ജില്ലകളിലാണ് ഇനി പൈപ്പുലൈനുകൾ സ്ഥാപിക്കാനുള്ളത്. മറ്റിടങ്ങളിൽ പൈപ്പുലൈനുകൾ സ്ഥാപിച്ച് ഗാർഹിക കണക്ഷനുകൾ നൽകുകയോ അതിനുള്ള ഒരുക്കങ്ങൾ ആരംഭിക്കുകയോ ചെയ്തിട്ടുണ്ട്. ഫാക്ട് കൊച്ചിൻ ഡിവിഷനിൽനിന്നാണ് പൈപ്പുലൈൻ പോകുക. ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിൽ ഷോള ഗ്യാസ്കോയാണ് ഗാർഹിക കണക്ഷൻ വിതരണശൃംഖല സ്ഥാപിക്കാൻ കരാറെടുത്തിട്ടുള്ളത്. ഈവർഷമാണ് പെട്രോളിയം പ്രകൃതിവാതക മന്ത്രാലയം ഈ കരാർ നൽകിയത്. എട്ടുവർഷത്തിനുള്ളിൽ മൂന്നു ജില്ലകളിലായി 10 ലക്ഷം കണക്ഷനുകൾ നൽകുകയാണ് ലക്ഷ്യം.
എജി ആൻഡ് പിയാണ് തിരുവനന്തപുരം, ആലപ്പുഴ ജില്ലകളിൽ സിറ്റി ഗ്യാസ് പൈപ്പുലൈനുകൾ സ്ഥാപിച്ചത്. കൊല്ലം ജില്ലയിൽ പൈപ്പ് ലൈൻ സ്ഥാപിക്കൽ പുരോഗമിക്കുകയാണ്. അടുത്ത അഞ്ചുവർഷത്തിനിടെ ഈ മൂന്നു ജില്ലകളിലായി 18 ലക്ഷം കണക്ഷനുകളാണ് നൽകുക. എറണാകുളം ജില്ലയിലാണ് സിറ്റി ഗ്യാസ് ആദ്യമെത്തിയത് ഇവിടെ ഈവർഷം അവസാനത്തോടെ കണക്ഷനുകളുടെ എണ്ണം കാൽലക്ഷത്തിലേറെയാകും. കളമശേരി, തൃക്കാക്കര നഗരസഭകൾക്കുപുറമെ ഏലൂർ, തൃപ്പൂണിത്തുറ നഗരസഭകളിലും കൊച്ചി കോർപറേഷനിലെ ആറ് ഡിവിഷനുകളിലും ഈ വർഷംതന്നെ സിറ്റി ഗ്യാസ് എത്തും. ഇന്ത്യൻ ഓയിൽ–-അദാനി ഗ്യാസ് ആണ് പൈപ്പുകൾ സ്ഥാപിക്കുന്നത്. കോഴിക്കോട്, കാസർകോട്, കണ്ണൂർ, മലപ്പുറം, പാലക്കാട് ജില്ലകളിലും പരീക്ഷണാടിസ്ഥാനത്തിൽ സിറ്റി ഗ്യാസ് കണക്ഷനുകൾ നൽകിയതായി ഗെയിൽ അധികൃതർ പറഞ്ഞു.