എസ് സുദീപ്
ലാവ്ലിൻ കേസ് മുപ്പത്തിയൊന്നാം തവണയും സുപ്രീം കോടതി മാറ്റിവച്ചു: – മനോരമ.
എന്താണ് നിലവിൽ സുപ്രീം കോടതിയിലുള്ള കേസ്?
തിരുവനന്തപുരം സിബിഐ കോടതിയിലായിരുന്നു ഒറിജിനൽ ലാവ്ലിൻ കേസ്. അതിലെ സിബിഐ കോടതി, ഹൈക്കോടതി ഉത്തരവുകൾക്കെതിരെയാണ് സിബിഐ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.
ഉത്തരവിനെക്കുറിച്ചു പറയും മുമ്പ് ക്രിമിനൽ നടപടിക്രമം ചുരുക്കി എഴുതാം.
1
ഏതു ക്രിമിനൽ കേസിലും പ്രതിയെ കുറ്റവിമുക്തനാക്കാനും വെറുതെ വിടാനും നിയമപ്രകാരം കോടതിക്ക് അധികാരമുണ്ട്.
കുറ്റവിമുക്തനാക്കുന്നത് വിചാരണയ്ക്കു മുമ്പാണ്. അതായത് കേസിന്റെ പ്രാഥമിക ഘട്ടത്തിൽ. വിചാരണയ്ക്കു മുമ്പായി ആ പ്രതിയെ വിചാരണ കൂടാതെ തന്നെ കേസിൽ നിന്ന് ഒഴിവാക്കുകയാണ്.
പ്രതിക്ക് സമൻസയച്ച് പ്രതി ഹാജരായ ശേഷം കോടതി പ്രോസിക്യൂഷൻ തെളിവു മാത്രം പരിഗണിച്ച് ഇരുഭാഗത്തെയും വാദം കേൾക്കും.
അപ്രകാരം കേട്ട് പ്രതിക്കെതിരെ പ്രഥമദൃഷ്ട്യാ പോലും ഒരു കേസില്ലെന്നു കണ്ടാലാണ് അയാളെ കുറ്റവിമുക്തനാക്കുന്നത്. അങ്ങനെയൊരാൾ വിചാരണ നേരിടേണ്ടി വരുന്ന സാഹചര്യം പോലും ഉണ്ടാവാൻ പാടില്ല.
അപ്രകാരം കുറ്റവിമുക്തനാക്കുന്ന നേരത്ത് പ്രതിഭാഗം ഹാജരാക്കുന്ന യാതൊരു തെളിവും, അതായത് ഒരു കടലാസു കഷണം പോലും കോടതി പരിശോധിക്കാനേ പാടില്ല. അന്വേഷണ ഏജൻസി ഹാജരാക്കുന്ന രേഖകൾ മാത്രമേ കോടതികൾ പരിശോധിക്കാവൂ.
ആ ഘട്ടത്തിൽ സാക്ഷിവിസ്താരമേയില്ല.
അന്വേഷണ ഏജൻസി ഹാജരാക്കുന്ന തെളിവുകൾ പ്രകാരം ഒരു പ്രഥമദൃഷ്ട്യാ കേസുപോലും പ്രതിക്കെതിരെ ഇല്ലെന്നു കണ്ട്, അയാളെ ഉടനടി ഒഴിവാക്കി, വിചാരണ നേരിടാൻ അയാളോട് പറയാൻ പോലും ഒരു കാരണവുമില്ലാത്ത സാഹചര്യത്തിലാണ് കോടതി ഒരാളെ കുറ്റവിമുക്തനാക്കുന്നത്. അതിന് ഡിസ്ചാർജ് എന്നു പറയും.
കുറ്റവിമുക്തനാക്കപ്പെട്ടയാൾ പിന്നീട് പ്രതിയേ അല്ല.
2
പ്രതിയെ വെറുതെ വിടുന്നത് അക്വിറ്റൽ ആണ്.
പ്രതിയെ കുറ്റവിമുക്തനാക്കണോ എന്നു കോടതി വാദം കേട്ട ശേഷം അന്വേഷണ ഏജൻസി സമർപ്പിച്ച രേഖകൾ മാത്രം പരിശോധിച്ച് ഒരു പ്രഥമദൃഷ്ട്യാ കേസുണ്ടെന്നു കോടതിക്കു തോന്നിയാൽ ആ പ്രതി വിചാരണ നേരിടണം. പ്രഥമദൃഷ്ട്യാ കേസുണ്ടെങ്കിൽ കോടതി കുറ്റപത്രം വായിച്ചു കേൾപ്പിക്കും. ഈ കുറ്റപത്രം (കോർട്ട് ചാർജ്) എന്നത് അന്വേഷണ ഏജൻസി സമർപ്പിച്ച കുറ്റപത്രം (പൊലീസ് ചാർജ്), അവർ തന്നെ നൽകിയ രേഖകൾ എന്നിവയെ മാത്രം അടിസ്ഥാനമാക്കിയാണ്.
കുറ്റപത്രം കോടതി വായിച്ചു കേൾപ്പിക്കും. പ്രതിയോട് കുറ്റം ചെയ്തിട്ടുണ്ടോ എന്നു ചോദിക്കും. പ്രതി നിഷേധിക്കുമ്പോൾ കോടതി അതു രേഖപ്പെടുത്തും.
അതിനു ശേഷം കോടതി വിചാരണയ്ക്കായി കേസ് മാറ്റും. ആദ്യം പ്രോസിക്യൂഷൻ തെളിവ് കോടതി രേഖപ്പെടുത്തും. അപ്പോൾ മാത്രമാണ് കോടതി ആദ്യമായി സാക്ഷികളെ വിസ്തരിക്കുക.
അതിനു ശേഷം പ്രോസിക്യൂഷൻ തെളിവിലെ ഓരോ പോയന്റിനെക്കുറിച്ചും പ്രതിക്ക് എന്തു പറയാനുണ്ടെന്നു ചോദിച്ച് കോടതി ഒരു ചോദ്യാവലി തയ്യാറാക്കി പ്രതിയോട് ചോദിച്ച് ഓരോ ചോദ്യത്തിന്റെയും ഉത്തരങ്ങൾ രേഖപ്പെടുത്തും. ക്രിമിനൽ നടപടി നിയമം 313 വകുപ്പു പ്രകാരമുള്ള ആ നടപടിയെ കോടതി ഭാഷയിൽ മുന്നൂറ്റിപതിമൂന്ന്/ ത്രീ തേർട്ടീൻ/ ത്രീ തേർട്ടീൻ എക്സാമിനേഷൻ എന്നു പറയും.
അതിനെ തുടർന്ന് പ്രതിഭാഗത്തോട് തെളിവുണ്ടോ എന്നു ചോദിക്കും. ഉണ്ടെങ്കിൽ പ്രതിഭാഗം തെളിവിനായി മാറ്റും. പ്രതിക്ക് സാക്ഷികളെ വിസ്തരിക്കാം, രേഖകൾ ഹാജരാക്കാം.
പ്രതിഭാഗം തെളിവു തീർന്ന ശേഷം അന്തിമവാദം കേൾക്കാനായി കേസ് വയ്ക്കും. ഇരുഭാഗത്തെയും കേൾക്കും.
പിന്നീട് അന്തിമ വിധി പറയാനായി കേസ് മാറ്റും.
അന്തിമ വിധിയിലാണ് പ്രതി കുറ്റക്കാരനാണെന്നോ പ്രതിയെ വെറുതെ വിടണമെന്നോ (അക്വിറ്റൽ) കോടതി കണ്ടെത്തുക.
പ്രതി കുറ്റക്കാരനാണെന്നു കണ്ടാൽ ഇരുഭാഗത്തെയും വീണ്ടും കേൾക്കണം. ശിക്ഷയെക്കുറിച്ചാണ് ഇത്തവണ വാദം.
അതിനും ശേഷമാണ് ശിക്ഷ പറയുന്നത്.
3
ഇനി ലാവ്ലിൻ കേസിലേയ്ക്കു വീണ്ടും വരാം.
അദ്ദേഹത്തിനെതിരെ സിബിഐ കുറ്റപത്രവും രേഖകളും പരിശോധിച്ച് പ്രഥമദൃഷ്ട്യാ പോലും ഒരു കേസുന്നയിക്കാൻ സിബിഐയ്ക്കു കഴിഞ്ഞിട്ടില്ലെന്നു കണ്ട് അദ്ദേഹത്തെ പ്രാഥമിക ഘട്ടത്തിൽത്തന്നെ സിബിഐ കോടതി കുറ്റവിമുക്തനാക്കി/ഡിസ്ചാർജ് ചെയ്തു.
അതായത് പ്രോസിക്യൂഷൻ രേഖകൾ പ്രകാരം പോലും അദ്ദേഹത്തിനെതിരെ ഒരു കേസില്ല. അദ്ദേഹത്തെ വിചാരണ ചെയ്യാൻ പാടില്ല. അദ്ദേഹം പ്രതിയുമല്ല.
വിശദമായ ഉത്തരവ്.
അതിനെതിരെ സിബിഐ കേരള ഹൈക്കോടതിയെ സമീപിച്ചു. മാദ്ധ്യമ വിചാരണ ഭയന്ന് ഓരോ ജഡ്ജിമാരായി ഒഴിഞ്ഞു മാറി. ഒടുവിൽ ഒരാൾ കേട്ടു. വീണ്ടും പ്രഥമദൃഷ്ട്യാ പോലും പിണറായിക്കെതിരെ ഒരു കേസി ല്ലെന്ന് ഹൈക്കോടതിയും കണ്ടു.
ഇപ്പോൾ ആ ഉത്തരവുകൾക്കെതിരെയാണ് സിബിഐ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.
പിണറായി വിജയൻ ഇപ്പോൾ പ്രതി പോലുമല്ല.
ഇപ്പോൾ പ്രതി പോലുമല്ലാത്ത പിണറായി വിജയനെതിരെ കേസെടുക്കണോ വേണ്ടയോ എന്നതാണു സുപ്രീം കോടതിക്കു മുന്നിലെ ചോദ്യം. അല്ലാതെ പിണറായി വിജയൻ കുറ്റം ചെയ്തോ എന്നേയല്ല!
പിണറായി വിജയൻ ലാവ്ലിൻ കേസിൽ പ്രതിയല്ല.
ഇത്രേയുള്ളു കാര്യം.
മറിച്ചു തെളിയിച്ചാൽ ഞാൻ ഇന്നു മുതൽ രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയിൽ ചേരാം.
മോദിയുടെ ഭാരത് ഛോഡോ യാത്രയിൽ ചേരാൻ ഞാനില്ല, കാരണം ഞാൻ കോൺഗ്രസുകാരനല്ല.
(മുൻ പെരുമ്പാവൂർ സബ് ജഡ്ജിയാണ് ലേഖകൻ)