ന്യൂഡൽഹി: ആസാദ് കാശ്മീർ പരാമർശത്തിൽ കെ ടി ജലീൽ എംഎൽഎക്കെതിരെ കേസെടുക്കാൻ ഉത്തരവില്ല. ഡൽഹി റോസ് അവന്യു കോടതി ജലീലിനെതിരെ കേസെടുക്കാൻ ഉത്തരവിട്ടെന്ന തരത്തിൽ വാർത്തകൾ പുറത്തു വന്നിരുന്നു. ഹര്‍ജിക്കാരൻ്റെ വാദം കേട്ടുവെന്നും കേസ് സെപ്റ്റംബര്‍ 14ലേക്ക് മാറ്റുന്നുവെന്നുമാണ് കോടതി ഉത്തരവിലുള്ളത്. കേസ് എടുക്കണമെന്ന് കോടതി ഉത്തരവില്‍ പറഞ്ഞിട്ടില്ല. തിങ്കളാഴ്ച്ചയാണ് കേസില്‍ കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.
വിവാദ പോസ്റ്റിൻ്റെ പേരില്‍ കേസ് എടുക്കണമെന്ന് ഡൽഹി പോലീസിന് പരാതി നൽകിയ ബിജെപി പ്രവർത്തകനും അഭിഭാഷകനുമായ ജി എസ് മണി തന്നെയാണ് തെറ്റായ വാർത്ത പ്രചരിപ്പിച്ചതിന് പിന്നിലും. കേസ് പരിഗണിച്ചശേഷം ഇയാൾ കോടതിയിൽനിന്നിറങ്ങി മാധ്യമങ്ങളോട് കേസെടുക്കാൻ ഉത്തരവിട്ടെന്ന് പറയുകയായിരുന്നു. വകുപ്പ് ഏതെന്ന് പറഞ്ഞിട്ടില്ലെന്നും ഉചിതമായ വകുപ്പ് എന്നാണ് പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.