തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് സർക്കാർ 1017 കോടി രൂപ അനുവദിച്ചു. സംരക്ഷണ ഫണ്ടിനത്തിൽ 3006 കോടി രൂപ സർക്കാർ പ്രഖ്യാപിച്ചിരുന്നു. ഇതോടെ സർക്കാർ പ്രഖ്യാപിച്ച തുക മുഴുവനായി കൈമാറി. പദ്ധതി വിഹിതമായി പഞ്ചായത്തുകൾക്ക് 519 കോടി, ബ്ലോക്ക് പഞ്ചായത്തുകൾക്ക് 36 കോടി, ജില്ലാ പഞ്ചായത്തുകൾക്ക് 262 കോടി, മുനിസിപ്പാലിറ്റികൾക്ക് 103 കോടി, കോർപറേഷനുകൾക്ക് 97 കോടി എന്നിങ്ങനെ ലഭിക്കും. തദ്ദേശ സ്ഥാപനങ്ങൾക്കു കീഴിലെ റോഡിനും കൈമാറി കിട്ടിയ സ്കൂളുകൾ, ആശുപത്രികൾ, അങ്കണവാടികൾ ഉൾപ്പെടെ സ്ഥാപനങ്ങളുടെ ആസ്തി പുനരുദ്ധാരണത്തിനും അറ്റകുറ്റപ്പണികൾക്കുമായാണ് ഫണ്ട്.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് ഈ വർഷം സർക്കാർ നീക്കിവെച്ചത് 12,903 കോടിയാണ്. അതിൽ 7258 കോടി സർക്കാർ കൈമാറി. പൊതുആവശ്യ ഫണ്ടായി 926 കോടിയും സംസ്ഥാന പദ്ധതിയുടെ വിഹിതമായ വികസന ഫണ്ടിനത്തിൽ 1877 കോടിയും നൽകി. ധനകമീഷൻ ശുപാർശയിലെ ഉപാധിരഹിത ഗ്രാന്റായി 325 കോടിയും പത്തുലക്ഷത്തിനുമേൽ ജനസംഖ്യയുള്ള നഗരസഭകൾക്കുൾപ്പെടെ അനുവദിക്കുന്ന ഉപാധി അധിഷ്ഠിത ഗ്രാന്റായ 1124 കോടിയും കൈമാറി. സാമ്പത്തിക വർഷത്തിൻ്റെ പകുതിക്കുമുമ്പേ പഞ്ചായത്തുകൾക്ക് 4021 കോടിയും ബ്ലോക്കു പഞ്ചായത്തുകൾക്ക് 540 കോടിയും ജില്ലാ പഞ്ചായത്തുകൾക്ക് 1044 കോടിയും മുനിസിപ്പാലിറ്റികൾക്ക് 796 കോടിയും കോർപറേഷനുകൾക്ക് 857 കോടിയും നൽകി.