ആധുനിക അടിമത്വത്തിലേക്ക് ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ തള്ളപ്പെടുന്ന രാജ്യം ഇന്ത്യയെന്ന് ഐക്യരാഷ്ട്ര സംഘടന. നിർബന്ധിത ജോലി, നിർബന്ധിത വിവാഹം തുടങ്ങി വിവിധ രീതികളിലൂടെ 1.1 കോടി ഇന്ത്യക്കാരാണ് ആധുനികകാല അടിമകൾ ആക്കപ്പെട്ടത്. ലോകത്താകെ ഇത്തരം അഞ്ചുകോടി പേരാണുള്ളത്. ഇതിൽ പാതിയും ജി 20 രാഷ്ട്രങ്ങളിലാണെന്നും യുഎന്നിൻ്റെ അന്താരാഷ്ട്ര തൊഴിൽ സംഘടനയുടെ (ഐഎൽഒ) റിപ്പോർട്ടിൽ പറയുന്നു.
2021 അവസാനംവരെ ലോകമെമ്പാടും 2.8 കോടി പേർ നിർബന്ധിത ജോലിയിലേക്കും 2.2 കോടി പേർ നിർബന്ധിത വിവാഹത്തിലേക്കും തള്ളപ്പെട്ടതായി ഐഎൽഒയും ഓസ്‌ട്രേലിയ ആസ്ഥാനമായ വാക്ക് ഫ്രീയും സംയുക്തമായി നടത്തിയ പഠനം വെളിപ്പെടുത്തി. ലോകത്ത് 160 രാഷ്ട്രത്തിൽ ആധുനിക അടിമത്വമാണെന്ന് കണക്ക്. ദക്ഷിണ കൊറിയ, എറിട്രിയ, മൗറിടാനിയ, സൗദി അറേബ്യ, തുർക്കി എന്നിവിടങ്ങളിലാണ് ഇത് കൂടുതലായുള്ളത്. ആധുനിക അടിമത്വം രണ്ടായിരത്തി മുപ്പതോടെ അവസാനിപ്പിക്കണമെന്നാണ് ഐഎൽഒയുടെ ലക്ഷ്യം.