ടെഹ്റാൻ: മതകാര്യ പോലീസ് സംവിധാനം നിർത്തലാക്കി ഇറാൻ. ടെഹ്റാനിൽ നടന്ന ഒരു മതസമ്മേളനത്തിനിടെ അറ്റോർണി ജനറൽ മുഹമ്മദ് ജാഫർ മൊണ്ടാസരി ആണ് ഈ വിവരം പുറത്തുവിട്ടത്. രണ്ട് മാസം നീണ്ട ഹിജാബ് വിരുദ്ധ പ്രക്ഷോഭങ്ങൾക്ക് പിന്നാലെയാണ് തീരുമാനം. ഹിജാബ് ശരിയായി ധരിച്ചില്ലെന്നാരോപിച്ച് കുർദ് വംശജയായ മഹ്സ അമീനിയെന്ന 22 കാരിയെ ഇറാൻ മത പോലീസ് മർദ്ദിച്ച് കൊലപ്പെടുത്തിയതിന് പിന്നാലെയാണ് രാജ്യത്ത് ജനകീയ പ്രക്ഷോഭം ആരംഭിക്കുന്നത്. ഇരുനൂറിലധികം പേർ പ്രക്ഷോഭത്തിൽ കൊല്ലപ്പെടുകയും ചെയ്തിരുന്നു. മഹ്മൂദ് അഹമ്മദിനജാദ് ഇറാൻ പ്രസിഡന്റായിരുന്ന സമയത്താണ് മതകാര്യ പോലീസ് സ്ഥാപിതമായത്. 2006 ലാണ് യൂണിറ്റുകൾ പട്രോളിംഗ് ആരംഭിച്ചത്.
ഇസ്ലാമിക അടിത്തറയിലൂന്നിയുളളതാണ് രാജ്യത്തെ നിയമങ്ങളെങ്കിലും വിട്ടുവീഴ്ചാ മനോഭാവമുണ്ടാവുമെന്ന് ഇറാൻ പ്രസിഡൻറ് ഇബ്രാഹിം റെയ്സി ശനിയാഴ്ച ടെലിവിഷനിലൂടെ വിശദമാക്കിയിരുന്നു. ശിരോവസ്ത്രം ശരിയായി ധരിച്ചില്ലെന്ന പേരിൽ ഇറാനിലെ മത പോലീസ് അറസ്റ്റ് ചെയ്ത മഹ്സ അമിനിക്ക് കസ്റ്റഡിയിൽ മസ്തിഷ്ക മരണം സംഭവിച്ചിരുന്നു. സെപ്തംബർ 13 നായിരുന്നു മഹ്സ അമീനിയെ കസ്റ്റഡിയിൽ എടുത്തത്.
ഇറാനിൽ ഇസ്ലാമിക നിയമങ്ങൾ ലംഘിക്കുന്നവരെ പിടികൂടാൻ ചുമതലപ്പെടുത്തിയ മത പൊലീസാണ് ഗഷ്ത്-ഇ ഇർഷാദ്. തിരക്ക് നിറഞ്ഞ തെരുവുകൾ, ഷോപ്പിംഗ് മാളുകൾ, റെയിൽവേ സ്റ്റേഷനുകളിൽ എന്നിവിടങ്ങളിൽ നിലയുറപ്പിക്കുന്ന ഇവർ മതച്ചട്ട പ്രകാരം ഹിജാബ് ധരിക്കാത്ത സ്ത്രീകളെ പരസ്യമായി മുഖത്തടിച്ചും, ലാത്തികൊണ്ട് മർദിച്ചും, പോലീസ് വാനിലേക്ക് വലിച്ചിഴച്ച് ജയിലിലടയ്ക്കും. പത്ത് ദിവസം മുതൽ രണ്ട് മാസം വരെയാണ് ഇറാനിൽ ഹിജാബ് ധരിച്ചില്ലെങ്കിലുള്ള തടവ് ശിക്ഷ. 50,000 മുതൽ അഞ്ച് ലക്ഷം വരെ ഇറാനിയൻ റിയാലും പിഴയായി നൽകേണ്ടി വരും. 74 ചാട്ടയടി വേറെയും.