ദക്ഷിണ കൊറിയയിൽ ഹാലോവീൻ പാർട്ടി ആഘോഷങ്ങൾക്കിടയിൽ തിക്കിലും തിരക്കിലും പെട്ട് 151 പേർ മരിച്ചു. മരിച്ചവരിൽ രണ്ടുപേർ വിദേശികളാണ്. 150ലധികം പേർക്കു പരിക്കേറ്റു. ഇതിൽ 19 പേരുടെ നില ഗുരുതരമാണ്. സിയോളിലെ ഇറ്റേവണിലെ ഹാമിൽട്ടൺ ഹോട്ടലിന് സമീപം ശനിയാഴ്ച രാത്രി സംഘടിപ്പിച്ച പരിപാടിയിലാണ് ദുരന്തം. ഹോട്ടലിന്റെ ഇടുങ്ങിയ വഴിയിൽ കുടുങ്ങി ആളുകൾക്ക് ശ്വാസം മുട്ടുകയായിരുന്നുവെന്നാണ് വ്യക്തമാകുന്നത്.
വൻ ജനക്കൂട്ടം ഹാലോവീൻ ആഘോഷങ്ങൾക്കായി ഒത്തുകൂടിയതാണ് അപകടത്തിന് കാരണമായത്. തിരക്കിനിടയിൽ കുഴഞ്ഞുവീണവരെ പോലീസും ഫയർഫോഴ്സും ചേർന്നാണ് ആശുപത്രിയിലാക്കിയത്. പരിപാടിക്കായി ഒരു ലക്ഷത്തോളം പേർ തടിച്ചുകൂടിയതായാണ് വിവരം. മരിച്ചവരുടെ മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി.