ബാഗ്ദാദ്: ഒരു വർഷത്തോളം നീണ്ട രാഷ്ട്രീയ അനിശ്ചിതത്വത്തിനൊടുവിൽ ഇറാഖിൽ പുതിയ സർക്കാർ രൂപീകരിച്ചു. മുഹമ്മദ് ഷിയ അൽ സുഡാനിയുടെ നേതൃത്വത്തിലാണ് 21 അംഗ മന്ത്രിസഭ അധികാരമേറ്റത്. മുൻ ഇറാഖി സർക്കാറിൽ മനുഷ്യാവകാശ മന്ത്രിയായും തൊഴിൽ, സാമൂഹികകാര്യ മന്ത്രിയായും സേവനമനുഷ്ഠിച്ചയാളാണ് പുതിയ പ്രധാനമന്ത്രിയായി അധികാരമേറ്റ മുഹമ്മദ് ഷിയ അൽ സുഡാനി.
ഇറാൻ അനുകൂലികളായ കക്ഷികളുടെ കൂട്ടായ്മയായ കോഓർഡിനേഷൻ ഫ്രെയിംവർക് ആണു പുതിയ സർക്കാരിനു രൂപം നൽകിയത്. ഷിയാ നേതാവും ഇറാൻ വിരുദ്ധനുമായ മുഖ്തദ അൽ സദറിൻ്റെ കക്ഷിയുടെ എംപിമാരെല്ലാം രാജിവച്ചതോടെ കോഓർഡിനേഷൻ ഫ്രെയിംവർക്കിനു മേധാവിത്വം ലഭിക്കുകയായിരുന്നു.
കഴിഞ്ഞ വർഷം ഒക്ടോബറിൽ നടന്ന തെരഞ്ഞെടുപ്പിൽ മുഖ്തദ അൽ സദറിൻ്റെ കക്ഷിക്കാണ് ഏറ്റവും കൂടുതൽ സീറ്റുകൾ ലഭിച്ചത്. എന്നാൽ സർക്കാരുണ്ടാക്കുന്നതിൽ അൽ സദർ പരാജയപ്പെട്ടു. സ്വന്തം നിലയിൽ സർക്കാരുണ്ടാക്കുന്നതിൽ പരാജയപ്പെട്ട അൽ സദർ ഇറാൻ അനുകൂല കക്ഷികളെ ഒപ്പം കൂട്ടാൻ തയ്യാറാകാത്തത് രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമാക്കി. ഇതിനിടെയാണ് അൽ സദറിൻ്റെ അനുയായികൾ പാർലമെൻറിലേക്ക് അതിക്രമിച്ച് കടന്നത്. രാഷ്ട്രീയ പ്രതിസന്ധിക്കൊടുവിൽ രാഷ്ട്രീയം വിടുന്നതായി മുഖ്തദ അൽ സദർ പ്രഖ്യാപിച്ചു. പിന്നാലെയാണ് അൽ സദർ സർക്കാർ പാർലമെൻറിൻ്റെ അംഗീകാരത്തോടെ മന്ത്രിസഭ രൂപീകരിച്ചത്.
അതേസമയം, ഇറാൻ വിരുദ്ധ പക്ഷത്തിൻ്റെ നേതൃത്വത്തിലുള്ള പ്രക്ഷോഭം തുടരുകയാണ്. കഴിഞ്ഞദിവസങ്ങളിൽ പല നഗരങ്ങളിലും പ്രക്ഷോഭകരും പൊലീസും ഏറ്റുമുട്ടി. വർധിക്കുന്ന അഴിമതിക്കെതിരെയും ജനരോഷമുണ്ട്.