ലണ്ടൻ: കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ ബ്രിട്ടനെ കരകയറ്റാനുള്ള നടപടികൾ ഉൾപ്പെടുന്ന സാമ്പത്തികനയ പ്രഖ്യാപനം ഋഷി സുനക് സർക്കാർ നീട്ടിവച്ചു. ബ്രിട്ടനെ ഉന്നതിയിലേക്ക് നയിക്കുന്നതിനുള്ള നയപ്രഖ്യാനം അടക്കമുള്ളവ ഉൾപ്പെട്ട പ്രഖ്യാപനം മൂന്നാഴ്ചത്തേക്കാണ് നീട്ടിവച്ചിരിക്കുന്നത്. നവംബർ 17നാകും ഋഷി സുനക് സർക്കാർ നയപ്രഖ്യാപനം നടത്തുക. അന്ന് അവതരിപ്പിക്കുന്ന പ്രഖ്യാപനം പൂർണ ബജറ്റിനു തുല്യമായിരിക്കുമെന്നു ധനമന്ത്രി ജെറമി ഹണ്ട് സൂചിപ്പിച്ചു.
ഈ ഘട്ടത്തിലെ നയപ്രഖ്യാപനം ബ്രിട്ടന് അതീവ നിർണായകമായിരിക്കുന്ന പശ്ചാത്തലത്തിൽ മതിയായ സമയമെടുത്ത് നയം രൂപീകരിക്കുമെന്നാണ് സർക്കാരിൻ്റെ വിശദീകരണം. പ്രധാനമന്ത്രിയായ ശേഷമുള്ള തൻ്റെ പ്രസംഗത്തിൽ ഋഷി സുനകും ഇക്കാര്യം സൂചിപ്പിച്ചിരുന്നു. നവംബർ മൂന്നിനാണ് ദേശീയ ബാങ്കായ ബാങ്ക് ഓഫ് ഇംഗ്ലണ്ട് പുതിയ പലിശ നിരക്കുകൾ പ്രഖ്യാപിക്കുക. ഇതുകൂടി കണക്കിലെടുത്തുകൊണ്ടാവും സുനക് സർക്കാരിന്റെ സാമ്പത്തിക മാർഗരേഖ എന്നർഥം.