മുലപ്പാലിൽ മൈക്രോപ്ലാസ്റ്റിക് സാന്നിധ്യം കണ്ടെത്തി. നെതർലാൻഡിലെ സർവകലാശാലാ ഗവേഷകരാണ് മുലപ്പാലിലാദ്യമായി മൈക്രോപ്ലാസ്റ്റിക് സാന്നിധ്യം തിരിച്ചറിഞ്ഞത്. ഇറ്റലിയിലെ ആരോഗ്യവതികളായ അമ്മമാരിൽ നിന്ന് ശേഖരിച്ച മുലപ്പാലിലാണ് ഇവയുടെ സാന്നിധ്യം തിരിച്ചറിഞ്ഞത്. ഇറ്റലിയിലെ 34 അമ്മമാരിലാണ് പഠനം നടത്തിയത്. ഇതിൽ 75 ശതമാനം പേരുടെ മുലപ്പാലിലും മെെക്രോപ്ലാസ്റ്റിക് സാന്നിധ്യം കണ്ടെത്തി. പഠനങ്ങൾക്ക് വേണ്ടി പ്രസവത്തിന് ഒരാഴ്ചയ്ക്ക് ശേഷമാണ് മുലപ്പാൽ ശേഖരിച്ചത്.
മുലപ്പാൽ ശേഖരിച്ച അമ്മമാരുടെ ആഹാരപദാർത്ഥങ്ങളിലൊന്നും ഇവയുടെ സാന്നിധ്യം തിരിച്ചറിഞ്ഞിരുന്നില്ല. മനുഷ്യ കോശങ്ങളിലും വന്യമൃഗങ്ങളിലും മറ്റും ഇവയുടെ സാന്നിധ്യം മുമ്പ് തിരിച്ചറിയപ്പെട്ടതാണ്. എന്നാൽ മനുഷ്യരിൽ ഇവ വരുത്തുന്ന ദോഷങ്ങളെ കുറിച്ച് കൂടുതൽ തെളിവുകൾ ലഭിച്ചിരുന്നില്ല. പ്ലാസ്റ്റിക്കിൽ പല രാസപദാർത്ഥങ്ങളുടെയും സാന്നിധ്യം മുൻപ് മുലപ്പാലിൽ നിന്ന് ലഭിച്ചിട്ടുണ്ടെങ്കിലും മൈക്രോപ്ലാസ്റ്റിക്കുകളുടെ സാന്നിധ്യം ആദ്യമായാണ് ലഭിക്കുന്നത്.