സോൾ: ഉത്തരകൊറിയയ്ക്കുള്ള മറുപടിയെന്നോണം സ്വന്തം സൈന്യം നടത്തിയ ബാലിസ്റ്റിക് മിസൈൽ പരീക്ഷണം പരാജയപ്പെട്ടതോടെ ദക്ഷിണകൊറിയയിലെ ഗാങ്ന്യൂങ് നഗരം പരിഭ്രാന്തിയിലായി. മിസൈൽ തൊടുക്കാൻ കഴിയാതെ നിലത്തുവീഴുകയും വൻ തീപിടുത്തത്തിന് കാരണമാവുകയും ചെയ്തു. അമേരിക്ക-ദക്ഷിണ കൊറിയ സംയുക്ത സൈനികാഭ്യാസത്തിനിടെയാണ് സംഭവം.
ഉത്തരകൊറിയ ജപ്പാനു മുകളിലൂടെ ഇമ്മീഡിയറ്റ് റേഞ്ച് ബാലിസ്റ്റിക് മിസൈൽ (ഐ.ആർ.ബി.എം.) തൊടുക്കുകയുണ്ടായി. ഇതിനു മറുപടിയെന്ന നിലയ്ക്കാണ് ദക്ഷിണ കൊറിയയും സഖ്യകക്ഷിയായ അമേരിക്കയും ചേർന്ന് ബോംബ്-മിസൈൽ വിക്ഷേപണങ്ങൾ നടത്തിയത്.
ദക്ഷിണ കൊറിയൻ സൈന്യം ഹ്യുൺമൂ-2 ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈൽ ചൊവ്വാഴ്ച വൈകി വിക്ഷേപിച്ചെങ്കിലും വിക്ഷേപിച്ചതിന് തൊട്ടുപിന്നാലെ അത് തകരാറിലാവുകയും തകർന്നുവീഴുകയും ചെയ്യുകയായിരുന്നു. മിസൈലിൻ്റെ പ്രൊപ്പല്ലൻറിന് തീപിടിച്ചെങ്കിലും അതിൻ്റെ വാർഹെഡ് പൊട്ടിത്തെറിച്ചില്ലെന്നാണ് ദക്ഷിണ കൊറിയൻ സൈനിക ഉദ്യോഗസ്ഥൻ യോൻഹാപ്പ് വാർത്താ ഏജൻസിയോട് പ്രതികരിച്ചു.