ജപ്പാന് മുകളിലൂടെ ബാലിസ്റ്റിക് മിസൈൽ അയച്ച് ഉത്തരകൊറിയ. ജപ്പാന് മുകളിലൂടെ പറന്ന മിസൈൽ പസഫിക് സമുദ്രത്തിൽ പതിച്ചതായി ജപ്പാൻ സ്ഥിരീകരിച്ചു. ആണവായുധം വഹിക്കാൻ ശേഷിയുള്ള ദീർഘദൂര മിസൈലാണ് തൊടുത്തത്. മിസൈൽ പരീക്ഷണമാണ് കൊറിയ നടത്തിയത് എന്നാണ് നിഗമനം. മിസൈൽ കടലിലാണ് പതിച്ചതെങ്കിലും ജപ്പാനിൽ പരിഭ്രാന്തി പരത്തി. സംഭവത്തിൽ ജപ്പാൻ കടുത്ത പ്രതിഷേധമാണ് ഉയർത്തുന്നത്. വടക്കുകിഴക്കൻ പ്രദേശങ്ങളിൽ ജപ്പാൻ സൈന്യം സുരക്ഷ ശക്തമാക്കി വരികയാണ്. മേഖലയിലെ ജനങ്ങളെ ഭൂഗർഭ അറകളിലേക്കും മറ്റ് സുരക്ഷിത സ്ഥാനങ്ങളിലേക്കും മാറ്റുന്ന പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. വടക്കൻ ജപ്പാനിലെ ട്രെയിൻ ഗതാഗതം പൂർണമായി നിലച്ചു. പുറത്തിറങ്ങരുതെന്ന് ജനങ്ങൾക്ക് സർക്കാർ നിർദേശം നൽകി.
2017 ന് ശേഷം ഇതാദ്യമായാണ് മിസൈലിലൂടെ ജപ്പാനിലേക്ക് ഉത്തര കൊറിയയുടെ പ്രകോപനമുണ്ടാകുന്നത്. രാജ്യത്തുനിന്നും 3000 കിലോമീറ്റർ അകലെയാണ് പസഫിക് സമുദ്രത്തിൽ മിസൈൽ പതിച്ചതെന്നാണ് ജപ്പാൻ പറയുന്നത്. ഉത്തരകൊറിയയുടെ നടപടിക്ക് തക്കതായ തിരിച്ചടിയുണ്ടാകുമെന്ന് ദക്ഷിണ കൊറിയൻ പ്രസിഡന്റ് യൂൻ സുക്-യോൾ മുന്നറിയിപ്പ് നൽകി. ഐക്യരാഷ്ട്രസഭയുടെ മുഴുവൻ തത്ത്വങ്ങളും മാനദണ്ഡങ്ങളും ലംഘിച്ചാണ് ഉത്തരകൊറിയയുടെ മിസൈൽ പരീക്ഷണമെന്നും അദ്ദേഹം വ്യക്തമാക്കി. സഖ്യരാഷ്ട്രമായ അമേരിക്കയുമായും അന്താരാഷ്ട്ര സമൂഹവുമായും സഹകരിച്ച് ഉചിതമായ നടപടികൾ കൈക്കൊള്ളാൻ ഉത്തരവിട്ടതായും അദ്ദേഹത്തിൻ്റെ ഓഫീസ് പറഞ്ഞു.