ലോകകപ്പുമായി ബന്ധപ്പെട്ട് ഏറെ വൈറലായ കോഴിക്കോട് പുള്ളാവൂർ പുഴയിലെ കട്ടൗട്ടുകളുടെ ചിത്രം ഔദ്യോഗിക പേജിൽ പങ്കുവച്ച് ഫിഫ. ഫുട്ബോൾ മാമാങ്കത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ലോകത്തെ മുഴുവൻ ലോകകപ്പ് ചൂടിലേക്ക് എത്തിക്കാൻ കോഴിക്കോട്ടെ പുള്ളാവൂർ എന്ന ചെറുഗ്രാമത്തിന് സാധിച്ചു. ഫിഫ ലോകകപ്പ് ജ്വരം ഇന്ത്യയിലെ കേരളത്തിൽ പടർന്നിരിക്കുന്നു’ എന്ന തലവാചകത്തോടെയാണ് ഫിഫ പുള്ളാവൂർ പുഴയിലെ ചിത്രം പങ്കുവെച്ചത്. ടൂർണമെന്റിന് മുൻപ് നെയ്മറുടേയും ക്രിസ്റ്റ്യാനോ റൊണാൾഡോയുടേയും ലയണൽ മെസ്സിയുടേയും ഭീമൻ കട്ടൗട്ടുകൾ ഉൾനാടൻ ഗ്രാമത്തിൽ ഉയർന്നിരിക്കുന്നതായും ഫിഫ ചൂണ്ടിക്കാട്ടി. കട്ട് ഔട്ടുകൾ കീഴെ പുഴയിൽ ഇറങ്ങി നിന്ന് അർജന്റീന, പോർച്ചുഗൽ, ബ്രസീൽ ആരാധകർ അതാത് രാജ്യങ്ങളുടെ പതാക വീശുന്നതും ഫിഫ ട്വീറ്റ് ചെയ്ത ചിത്രത്തിലുണ്ട്.
പുള്ളാവൂർ പുഴയിൽ സ്ഥാപിച്ച 30 അടി പൊക്കമുള്ള മെസ്സിയുടെ കട്ടൗട്ട് അന്താരാഷ്ട്ര കായിക മാധ്യമങ്ങളിലടക്കം വാർത്തയായിരുന്നു. കേരളത്തിലെ ഫുട്ബോൾ പ്രേമത്തിൻ്റെ തീവ്രത ചൂണ്ടിക്കാണിക്കുന്ന ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാവുകയും ചെയ്തു. അർജന്റീന ആരാധകർ പുഴയുടെ നടുവിലെ തുരുത്തിൽ കട്ടൗട്ട് വെച്ചതിന് പിന്നാലെ ബ്രസീൽ ആരാധകരെത്തി അതിലും വലുപ്പമുള്ള കട്ടൗട്ട് പുഴക്കരയിൽ വെച്ചു. 40 അടി വലുപ്പമുള്ള നെയ്മർ ഫ്ലക്സ് വന്നതോടെ പുള്ളാവൂരിലെ ഫുട്ബോൾ ഫാൻ ഫൈറ്റിന് കൗതുകമേറി. കഴിഞ്ഞ ദിവസം പോർച്ചുഗൽ ആരാധകർ ക്രിസ്റ്റിയാനോ റൊണാൾഡോയുടെ 50 അടി ഉയരമുള്ള കട്ട് ഔട്ട് കൂടി സ്ഥാപിച്ചു. മന്ത്രിമാർ അടക്കമുള്ള പ്രമുഖർ ചിത്രങ്ങൾ ഷെയർ ചെയ്ത് പ്രതികരിച്ചിരുന്നു.