ബാഴ്സലോണ: ബാഴ്സലോണയുടെ ഇതിഹാസതാരം ജെറാർഡ് പിക്വെ ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. ബാഴ്സലോണയുടെ സ്പാനിഷ് പ്രതിരോധതാരമാണ് ജെറാർഡ് പിക്വെ. ട്വിറ്ററിലൂടെയാണ് പിക്വെ തൻ്റെ വിരമിക്കൽ പ്രഖ്യാപനം അറിയിച്ചത്. രാജ്യാന്തര ഫുട്ബോളിൽ നിന്ന് 2018-ൽ തന്നെ താരം വിരമിച്ചിരുന്നു.
‘ശനിയാഴ്ച അൽമെരിയയ്ക്കെതിരായ മത്സരം ക്യാമ്പ്നൗവിലെ തൻ്റെ അവസാന മത്സരമായിരിക്കും’- ‘ട്വിറ്ററിൽ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെ പിക്വെ പറഞ്ഞു. 2009 മുതൽ 2018 വരെ രാജ്യത്തിനായി കളിച്ച 35കാരനായ പിക്വെ സ്പെയിനിന് വേണ്ടി 102 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. ക്ലബ്ല് ഫുട്ബോളിലും രാജ്യാന്തര ഫുട്ബോളിലും നിരവധി കിരീടങ്ങൾ നേടിയിട്ടുളള താരമാണ് പിക്വെ. സ്പാനിഷ് ക്ലബ്ല് ബാഴ്സലോണയ്ക്കും ഇംഗ്ലീഷ് വമ്പൻമാരായ മാഞ്ചെസ്റ്റർ യുണൈറ്റഡിനും വേണ്ടി ബൂട്ടുകെട്ടിയിട്ടുളള താരം നാല് ചാമ്പ്യൻസ് ലീഗ് കിരീടങ്ങളും മൂന്ന് യുവേഫ സൂപ്പർ കപ്പും മൂന്ന് ഫിഫ ക്ലബ്ല് വേൾഡ് കപ്പും നേടിയിട്ടുണ്ട്. 2010 ലോകകപ്പും 2012 യൂറോ കപ്പും നേടിയ സ്പെയിൻ ടീമിലെ നിർണായക സാന്നിധ്യമായിരുന്നു പിക്വെ.
ബാഴ്സലോണയ്ക്കായി എട്ട് ലാലിഗയും ഏഴ് കോപ്പ ഡെൽ റേ ട്രോഫിയും മൂന്ന് ചാമ്പ്യൻസ് ലീഗും നേടിയ പിക്വെ മാഞ്ചെസ്റ്റർ യുണൈറ്റഡിനായി ഇംഗ്ലീഷ് പ്രീമിയർ ലീഗും കമ്യൂണിറ്റി ഷീൽഡും സ്വന്തമാക്കിയിട്ടുണ്ട്.