പെർത്ത്: ടി20 ലോകകപ്പിൽ സെമി പ്രതീക്ഷകൾ നിലനിർത്തി ഓസ്ട്രേലിയ. ലങ്ക ഉയർത്തിയ 158 റൺസ് വിജയലക്ഷ്യം 16.3 ഓവറിൽ മൂന്ന് വിക്കറ്റുകൾ മാത്രം നഷ്ടപ്പെടുത്തി ഓസ്ട്രേലിയ മറികടന്നു. 17 പന്തിൽ അർധസെഞ്ചുറി നേടിയ മാർക്കസ് സ്റ്റോയ്നിസിൻ്റെ വെടിക്കെട്ട് ബാറ്റിംഗിൻ്റെ കരുത്തിലാണ് ഓസ്ട്രേലിയ അനായാസം മറികടന്നത്. അവസാന 48 പന്തിൽ വിജയത്തിലേക്ക് 70 റൺസ് വേണ്ടിയിരുന്ന ഓസീസിനെ സ്റ്റോയ്നിസ് അനായാലം ലക്ഷ്യത്തിലെത്തിച്ചു. നായകൻ ആരോൺ ഫിഞ്ച് 41 പന്തിൽ 31 റൺസെടുത്ത് വിജയത്തിൽ സ്റ്റോയ്നിസിന് കൂട്ടായി.
നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ലങ്ക 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിലാണ് 157 റൺസെടുത്തത്. 40 റൺസെടുത്ത പാതും നിസങ്കയായിരുന്നു ലങ്കയുടെ ടോപ് സ്കോറർ. ഓപ്പണർ കുശാൽ മെൻഡിസിനെ(5) രണ്ടാം ഓവറിൽ നഷ്ടമായെങ്കിലും ധനഞ്ജയ ഡിസിൽവയും നിസങ്കയും ചേർന്ന് ലങ്കയെ പന്ത്രണ്ടാം ഓവറിൽ 75ൽ എത്തിച്ചു. 26 റൺസെടുത്ത ഡിസിൽവയെ മടക്കി ആഷ്ടൺ അഗർ ആണ് കൂട്ടുകെട്ട് പൊളിച്ചത്. പിന്നാലെ നിസങ്ക(45 പന്തിൽ 40) റൺ ഔട്ടായി. ചരിത് അസലങ്ക(25 പന്തിൽ 38) പൊരുതി നിന്നെങ്കിലും പിന്നീട് എത്തിയവരാരും പിടിച്ചു നിൽക്കാഞ്ഞത് ലങ്കക്ക് തിരിച്ചടിയായി.പതിനഞ്ചാം ഓവറിൽ ലങ്ക 100 കടന്നതിന് പിന്നാലെ ഭാനുക രജപക്സ(7), ക്യാപ്റ്റൻ ദാസുൻ ഷനക((3), വാനിന്ദു ഹസരങ്ക(1) എന്നിവർ പെട്ടെന്ന് മടങ്ങിയതോടെ 97-2ൽ നിന്ന് ലങ്ക 120-6ലേക്ക് കൂപ്പു കുത്തി. പാറ്റ് കമിൻസ് എറിഞ്ഞ അവസാന ഓവറിൽ നേടിയ 20 റൺസ് അടക്കം അവസാന നാലോവറിൽ 46 റൺസ് നേടിയാണ് ലങ്ക പൊരുതാവുന്ന സ്കോറിലെത്തിയത്.
158 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത ഓസീസിന് അഞ്ചാം ഓവറിൽ തന്നെ ഡേവിഡ് വാർണറെ (11) നഷ്ടമായി. സഹ ഓപ്പണറും ക്യാപ്റ്റനുമായ ഫിഞ്ചിന് സ്കോർ ഉയർത്താനും സാധിച്ചില്ല. 17 പന്തിൽ നിന്ന് 17 റൺസെടുത്ത മിച്ചൽ മാർഷും 12 പന്തിൽ നിന്ന് 23 റൺസടിച്ച ഗ്ലെൻ മാക്സ്വെല്ലുമാണ് ഓസീസ് സ്കോറിങ് അൽപമെങ്കിലും വേഗത്തിലാക്കിയത്. എന്നാൽ ഇരുവരും പുറത്തായതിനു പിന്നാലെ ക്രീസിലെത്തിയ സ്റ്റോയ്നിസ് മത്സരം ഒറ്റയ്ക്ക് സ്വന്തമാക്കുകയായിരുന്നു. ഫിഞ്ച് 42 പന്തിൽ നിന്ന് 31 റൺസോടെ പുറത്താകാതെ നിന്നു. ആദ്യ മത്സരത്തിൽ ന്യൂസിലൻഡിനോട് തോറ്റ ഓസീസിൻ്റെ ആദ്യ ജയമാണിത്. ഈ മാസം 28ന് ഇംഗ്ലണ്ടിനെതിരെയാണ് ഓസ്ട്രേലിയയുടെ അടുത്ത മത്സരം.