മെൽബൺ: ടി20 ലോകകപ്പിൽ പാകിസ്താനെതിരെ ഇന്ത്യക്ക് മിന്നും വിജയം. 4 വിക്കറ്റിനാണ് പാകിസ്താനെ ഇന്ത്യ കീഴടക്കിയത്.160 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് ചെയ്താ ഇന്ത്യ അവസാന ഓവറിൽ ലക്ഷ്യം കണ്ടു. 53 പന്തിൽ 82 റൺസെടുത്ത് പുറത്താവാതെ നിന്ന വിരാട് കോലിയാണ് ഇന്ത്യയുടെ വിജയശില്പി.
ജയപരാജയങ്ങള്‍ മാറിമറഞ്ഞ മത്സരത്തില്‍ അവസാന പന്തിലാണ് ഇന്ത്യ വിജയം നേടിയത്. 160 റണ്‍സ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് ഒട്ടും എളുപ്പമായിരുന്നില്ല കാര്യങ്ങള്‍. ഓപ്പണര്‍മാരായ രോഹിത് ശര്‍മയും കെ.എല്‍.രാഹുലും അതിവേഗത്തില്‍ പുറത്തായതോടെ ഇന്ത്യ തുടക്കത്തില്‍ തന്നെ തകര്‍ച്ച നേരിട്ടു. രണ്ടാം ഓവറിലെ അഞ്ചാം പന്തില്‍ രാഹുല്‍ പുറത്തായി. നസീം ഷാ താരത്തിൻ്റെ വിക്കറ്റ് പിഴുതു. നാല് റണ്‍സെടുത്ത രാഹുലിൻ്റെ ബാറ്റില്‍ തട്ടിയ പന്ത് വിക്കറ്റിലിടിക്കുകയായിരുന്നു. ഈ സമയം ഇന്ത്യയുടെ സ്കോര്‍ വെറും ഏഴ് റണ്‍സ് മാത്രമായിരുന്നു. രാഹുലിന് പകരം സൂപ്പര്‍താരം വിരാട് കോലി ക്രീസിലെത്തി. പിന്നാലെ ഇന്ത്യയ്ക്ക് രോഹിത് ശര്‍മയുടെ വിക്കറ്റും നഷ്ടപ്പെട്ടു. രോഹിത്തിനും നാല് റണ്‍സ് മാത്രമാണ് നേടാനായത്. രോഹിത്തിന് പകരം സൂര്യകുമാര്‍ യാദവ് ക്രീസിലെത്തി. അനാവശ്യ ഷോട്ടിന് കളിച്ച് സൂര്യകുമാര്‍ വിക്കറ്റ് കളഞ്ഞു. 10 പന്തില്‍ നിന്ന് 15 റണ്‍സാണ് സൂര്യകുമാറിൻ്റെ സംഭാവന. ഇതോടെ 26 റണ്‍സെടുക്കുന്നതിനിടെ ഇന്ത്യയ്ക്ക് മൂന്ന് വിലപ്പെട്ട വിക്കറ്റുകള്‍ നഷ്ടപ്പെട്ടു. അഞ്ചാം നമ്പറിലെത്തിയ അക്സർ പട്ടേൽ (2) റണ്ണൗട്ടായി.
അഞ്ചാം വിക്കറ്റിൽ ഒത്തുചേർന്ന വിരാട് കോലിയും ഹാർദിക് പാണ്ഡ്യയും ചേർന്ന കൂട്ടുകെട്ടാണ് ഇന്ത്യയെ കൂട്ടത്തകർച്ചയിൽ നിന്ന് രക്ഷിച്ചത്. സാവധാനം ആരംഭിച്ച വിരാട് കോലിയും ഹാർദിക് പാണ്ഡ്യയും മുഹമ്മദ് നവാസ് എറിഞ്ഞ 12ആം ഓവറിൽ 3 സിക്സർ അടക്കം 20 റൺസ് അടിച്ച് ട്രാക്കിലെത്തി. എന്നാൽ, അവസാന ഓവറുകളിൽ തകർത്തെറിഞ്ഞ ഹാരിസ് റൗഫ് അടക്കമുള്ള പാക് പേസർമാർ ഇന്ത്യയെ നിയന്ത്രിച്ചുനിർത്തി. ഇതിനിടെ 43 പന്തുകളിൽ കോലി ഫിഫ്റ്റി തികച്ചു. ഷഹീൻ അഫ്രീദി എറിഞ്ഞ 18ആം ഓവറിൽ 3 ബൗണ്ടറികൾ അടക്കം 17 റൺസ് നേടിയ കോലി ഇന്ത്യക്ക് പ്രതീക്ഷ നൽകി. എന്നാൽ, ഹാർദികിന് കൂറ്റൻ ഷോട്ടുകൾ കളിക്കാനായില്ല. ഹാരിസ് റൗഫ് എറിഞ്ഞ 19ആം ഓവറിൽ കോലി നേടിയ രണ്ട് സിക്സറുകൾ സഹിതം 15 റൺസ് നേടിയ ഇന്ത്യ അവസാന ഓവറിലെ വിജയലക്ഷ്യം 16 ആക്കി. മുഹമ്മദ് നവാസ് എറിഞ്ഞ അവസാന ഓവറിലെ ആദ്യ പന്തിൽ ഹാർദ്ദിക് പാണ്ഡ്യയെ (37 പന്തിൽ 40) ബാബർ അസം പിടികൂടി. 113 റണ്‍സാണ് ഇരുവരും കൂട്ടിചേര്‍ത്തത്. രണ്ടാം പന്തില്‍ പുതുതായി വന്ന ദിനേശ് കാര്‍ത്തിക്ക് സിംഗിളെടുത്തു. മൂന്നാം പന്തില്‍ കോലി രണ്ട് റണ്‍സ് നേടി. നാലാം പന്തില്‍ സിക്സടിച്ച് കോലി ആരാധകരെ പുളകം കൊള്ളിച്ചു. ആ പന്ത് അമ്പയര്‍ നോബോള്‍ വിളിച്ചു. ഇതോടെ മൂന്ന് പന്തില്‍ ആറ് റണ്‍സായി ഇന്ത്യയുടെ വിജയലക്ഷ്യം. അടുത്ത പന്തില്‍ വൈഡ് പിറന്നതോടെ ലക്ഷ്യം അഞ്ചായി മാറി. ഫ്രീഹിറ്റ് പന്തില്‍ കോലി ബൗള്‍ഡായെങ്കിലും മൂന്ന് റണ്‍സ് ഓടിയെടുത്തു. ഇതോടെ ലക്ഷ്യം രണ്ട് പന്തില്‍ രണ്ട് റണ്‍സായി. അഞ്ചാം പന്തില്‍ ദിനേശ് കാര്‍ത്തിക്കിനെ റിസ്വാന് സ്റ്റംപ് ചെയ്ത് പുറത്താക്കി. ഇതോടെ ഒരു പന്തില്‍ രണ്ട് റണ്‍സായി ഇന്ത്യയുടെ വിജയലക്ഷ്യം. അടുത്ത പന്തില്‍ വൈഡ് പിറന്നതോടെ സ്കോര്‍ തുല്യമായി. അവസാന പന്തില്‍ വിജയം ഒരു റണ്ണായി മാറി. അവസാന പന്തില്‍ ഫോറടിച്ച് അശ്വിന് ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചു. പാകിസ്താന് വേണ്ടി മുഹമ്മദ് നവാസ്, ഹാരിസ് റൗഫ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം നേടിയപ്പോള്‍ നസീം ഷാ ഒരു വിക്കറ്റ് സ്വന്തമാക്കി.
മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാൻ അർധ സെഞ്ചുറി നേടിയ ഷാൻ മസൂദിൻ്റെയും ഇഫ്തിഖാർ അഹമ്മദിൻ്റെയും കരുത്തിൽ 20 ഓവറിൽ 8 നഷ്ടത്തിൽ 159 റൺസെടുത്തു. 52 റൺസെടുത്ത് പുറത്താവാതെ നിന്ന ഷാൻ മസൂദ് ആണ് പാകിസ്താൻ്റെ ടോപ്പ് സ്കോറർ. ഇഫ്തിക്കാർ അഹ്മദും (51) പാകിസ്താനു വേണ്ടി തിളങ്ങി. ഇന്ത്യക്ക് വേണ്ടി അർഷ്ദീപ് സിംഗും ഹാർദിക് പാണ്ഡ്യയും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.