കാര്യവട്ടം: ഇന്ത്യ ദക്ഷിണാഫ്രിക്ക ടി-20 മത്സര പരമ്പര നാളെ തുടങ്ങും. ഇന്ത്യൻ ടീം ഇന്നലെ വൈകുന്നേരം 4.30ഓടെ തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിലെത്തി. വിമാനത്താവളത്തിലെത്തിയ ഇന്ത്യൻ ടീം അംഗങ്ങളെ കേരള ക്രിക്കറ്റ് അസോസിയേഷൻ ഭാരവാഹികൾ സ്വീകരിച്ചു. കോവളത്തെ റാവിസ് ഹോട്ടലിലാണ് ടീം താമസിക്കുക. ഇന്ന് ഗ്രീൻഫീൽഡിൽ വൈകിട്ട് അഞ്ചുമുതൽ രാത്രി എട്ടുവരെ ടീം പരിശീലനത്തിനിറങ്ങും. ദക്ഷിണാഫ്രിക്ക പകൽ ഒന്നുമുതൽ നാലുവരെയും പരിശീലിക്കും. അതിനുമുമ്പായി ഇരുടീമുകളുടെയും ക്യാപ്റ്റന്മാർ മാധ്യമങ്ങളെ കാണും. ടെംബ ബവുമ പകൽ 12.30നും രോഹിത്ശർമ വൈകിട്ട് 4.30നും. മത്സരം കാണുവാൻ ബിസിസി പ്രസിഡന്റ് സൗരവ് ഗാംഗുലിയുമെത്തും. 28ന് രാവിലെ തിരുവനന്തപുരത്തെത്തുന്ന ഗാംഗുലി സെക്രട്ടേറിയേറ്റിലെത്തി മുഖ്യമന്ത്രി പിണറായി വിജയനെ കാണും. മുഖ്യമന്ത്രിയുടെ ലഹരി വിരുദ്ധ ക്യാമ്പായ ‘സേ നോ ടു ഡ്രഗ്സിൽ’ അദ്ദേഹം പങ്കെടുക്കും. അതിനു ശേഷമാണ് ഗാംഗുലി ഗ്രീൻഫീൽഡിൽ എത്തുക.
ഓസ്ട്രേലിയക്കെതിരായ പരമ്പര നേടിയതിൻ്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ. മൂന്ന് വർഷത്തിന് ശേഷമാണ് ഗ്രീൻ ഫീൽഡ് ഒരു അന്താരാഷ്ട്ര മത്സരത്തിന് വേദിയാകുന്നത്. രണ്ടാം ടി-20 മത്സരത്തിന് ഗുവാഹട്ടിയും മൂന്നാം ടി-20 മത്സരത്തിന് ഇൻഡോറും വേദിയാകും. മലയാളി താരം സഞ്ജു സാംസൺ ഇന്ത്യൻ നിരയിൽ ഇടം പിടിച്ചിട്ടില്ല.
ഇന്ത്യൻ സ്ക്വാഡ്: രോഹിത് ശർമ(ക്യാപ്റ്റൻ), കെഎൽ രാഹുൽ, വിരാട് കോഹ്ലി, സൂര്യകുമാർ യാദവ്, ദീപക് ഹൂഡ, രവിചന്ദ്ര അശ്വിൻ, ദിനേശ് കാർത്തിക്, റിഷഭ് പന്ത്, അക്സർ പട്ടേൽ, യുസ്വേന്ദ്ര ചഹൽ, ഹർഷൽ പട്ടേൽ, ജസ്പ്രീത് ബുംറ, അർഷ്വദീപ് സിംഗ്, ദീപക് ചഹാർ, ഉമേഷ് യാദവ്, മുഹമ്മദ് ഷമി.