ദുബായ്: ഏഷ്യാ കപ്പ് കിരീടം ശ്രീലങ്കക്ക്. ഫൈനലിൽ പാകിസ്താനെ 23 റൺസിന് കീഴടക്കിയാണ് ലങ്ക ഏഷ്യൻ രാജാക്കന്മാരായത്. ഏഷ്യാകപ്പിൽ ലങ്കയുടെ ആറാംകിരീടമാണ്. ഒടുവിൽ 2014ലും പാകിസ്ഥാനെ തോൽപ്പിച്ചാണ് ജേതാക്കളായത്. എട്ടു വർഷത്തെ ഇടവേളയ്ക്കുശേഷമാണ് മുൻ ലോക ചാമ്പ്യൻമാർ ഒരു പ്രധാന ടൂർണമെന്റ് ജയിക്കുന്നത്. ഫൈനലില്‍ ശ്രീലങ്ക ഉയര്‍ത്തിയ 171 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പാകിസ്താന് 147 റണ്‍സിന് ഓള്‍ഔട്ടായി. നാലു വിക്കറ്റ് വീഴ്ത്തിയ പ്രമോദ് മധുഷാനും മൂന്ന് വിക്കറ്റ് വീഴ്ത്തിയ വാനിന്ദു ഹസരംഗയുമാണ് പാകിസ്താനെ തകര്‍ത്തത്. സ്കോർ: ശ്രീലങ്ക 6–170, പാകിസ്ഥാൻ 147.
ഓപ്പണർ മുഹമ്മദ് റിസ്വാനും (55) ഇഫ്തിഖർ അഹമ്മദിനും (32) മാത്രമാണ് പാക്കിസ്ഥാൻ നിരയിൽ പിടിച്ചുനിൽക്കാനായത്. ഏഴ് വിക്കറ്റ് കൈയിലിരിക്കെ അവസാന അഞ്ച് ഓവറിൽ ജയിക്കാൻ പാകിസ്ഥാന് വേണ്ടിയിരുന്നത് 70 റൺ. പതിനേഴാം ഓവർ എറിഞ്ഞ ഹസരങ്കയാണ് കളി തിരിച്ചത്. രണ്ട് റൺമാത്രം വഴങ്ങി റിസ്വാൻ അടക്കം മൂന്നുപേരെ പുറത്താക്കി. 46 റണ്ണെടുക്കുന്നതിനിടെ പാകിസ്ഥാന് അവസാന ഏഴ് വിക്കറ്റുകൾ നഷ്ടമായി. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്കയ്ക്ക് ആദ്യ ഓവറിൽത്തന്നെ വിക്കറ്റ് നഷ്ടമായി. നസീം ഷായുടെ പന്തിൽ ഓപ്പണർ കുശാൽ മെൻഡിസ് (0) വീണു. പതും നിസങ്കയും (8) ധനുഷ്ക ഗുണതിലകയും (1) മടങ്ങിയതോടെ ലങ്ക 5.1 ഓവറിൽ 3–-36 ആയി. പിന്നീട് 4–53, 5–-58 സ്കോറുകളിലേക്ക് കൂപ്പുകുത്തിയെങ്കിലും രജപക്സയുടെ ബാറ്റ് ഉയിർപ്പായി. ധനഞ്ജയ ഡിസിൽവയും (28) വണീന്ദു ഹസരങ്കയും (36) സ്കോർ ഉയർത്തി. അഞ്ചാമനായി ഇറങ്ങിയ ഭാനുക രജപക്സയാണ് ശ്രീലങ്കയ്ക്ക് മികച്ച സ്കോർ സമ്മാനിച്ചത്. രജപക്സ 45 പന്തിൽ 71 റണ്ണുമായി പുറത്താകാതെനിന്നു. ആറ് ഫോറും മൂന്ന് സിക്സറും ഉൾപ്പെടുന്നതാണ് രജപക്സയുടെ ഇന്നിംഗിസ്. പാകിസ്ഥാനുവേണ്ടി പേസർ ഹാരിസ് റൗഫ് മൂന്നു വിക്കറ്റെടുത്തു. ഏഷ്യാ കപ്പിലെ വിജയം അടുത്ത മാസം തുടങ്ങാനിരിക്കുന്ന ട്വന്റി20 ലോകകപ്പിന് ടീമിന് ആത്മവിശ്വാസം നൽകും.