സജിത് സുബ്രഹ്മണ്യൻ
കവിയും നോവലിസ്റ്റുമായ ടി പി രാജീവൻ അടിമുടി കോൺഗ്രസുകാരനായിരുന്നു. സ്വാഭാവികമായും കടുത്ത കമ്യൂണിസ്റ്റ് വിരുദ്ധൻ. നോവലിലും കവിതകളിലുമൊക്കെ പ്രകടമായി തന്നെ തൻ്റെ നിലപാട് പ്രഖ്യാപിച്ചിരുന്നു ടി പി രാജീവൻ. സച്ചിദാനന്ദനെയും കടമ്മനിട്ടയെയും പരാമർശിക്കുന്ന കവിതകളിലും പാലേരി മാണിക്കം ഒരു പാതിരാ കൊലപാതകത്തിൻ്റെ കഥ എന്ന നോവലിലുമൊക്കെ തൻ്റെ രാഷ്ട്രീയത്തിൻ്റെയും നിലപാടുകളുടെയും തീവ്രത രാജീവൻ തുറന്നുകാട്ടി.
കിട്ടാവുന്ന വേദികളിലൊക്കെ സിപിഐഎമ്മിൻ്റെ ‘ഏകാധിപത്യ’ത്തിനെതിരെ സംസാരിച്ചു കൊണ്ടേയിരുന്നു. കോൺഗ്രസ് നേതാക്കൾ ജാഥ നടത്തുമ്പോഴും തെരഞ്ഞെടുപ്പുകാലത്തുമൊക്കെ സംഘടിപ്പിക്കുന്ന സാംസ്കാരിക കൂട്ടായ്മകളുടെ സംഘാടകനായിരുന്നു. വടക്കൻ കേരളത്തിലെ സിപിഐഎം വിരുദ്ധരായ സാംസ്കാരിക പ്രവർത്തകരെ ഏകോപിപ്പിക്കുവാൻ ഏക്കാലവും മുൻകൈയെടുത്തു. കലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ ജോലി ചെയ്യുമ്പോൾ വൈസ് ചാൻസലർ കെ കെ എൻ കുറുപ്പിനും ഇടതുപക്ഷ സംഘടനകൾക്കുമെതിരെ ഒറ്റയ്ക്കു പൊരുതി.
രാജീവൻ ഇന്നലെ രാത്രി അന്തരിച്ചു. ആസ്വാദകരെ രചനകളിലൂടെ സ്വാധീനിച്ച എഴുത്തുകാരൻ എന്ന നിലയ്ക്ക് പുരോഗമന കലാസാഹിത്യ സംഘം അനുശോചനക്കുറിപ്പ് പുറത്തിറക്കി. ആശയപരമായ വിയോജിപ്പുകൾ മാറ്റിവച്ചുകൊണ്ട് അശോകൻ ചരുവിൽ അടക്കം സിപിഐഎം സഹയാത്രികരായ എഴുത്തുകാർ സമൂഹ മാധ്യമങ്ങളിൽ അനുശോചിച്ചു. ഹ്രസ്വമെങ്കിലും കാമ്പുള്ള ഒരു കുറിപ്പിലൂടെ സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാഷും അനുശോചനം അറിയിച്ചു. സാംസ്കാരിക മന്ത്രി വി എൻ വാസവനും വിട്ടുനിന്നില്ല.
എന്നും കോൺഗ്രസിൻ്റെ ആശയങ്ങൾക്കൊപ്പം നിന്ന, ഉമ്മൻചാണ്ടി മുഖ്യമന്ത്രി ആയിരിക്കെ സാംസ്കാരിക മന്ത്രി കെ സി ജോസഫിൻ്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന രാജീവനെ കോൺഗ്രസ് നേതാക്കൾക്ക് അറിയാത്തതാണോ. മരണവിവരം അറിഞ്ഞിട്ടും ഒരു അനുശോചനക്കുറിപ്പു പോലും എഴുതാതെ അവർ എന്തുകൊണ്ടാണ് മാറി നിൽക്കുന്നത്. കെപിസിസി പ്രസിഡന്റ് കെ സുധാകരൻ്റെയും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ്റെയും ഫേസ്ബുക്ക് പോസ്റ്റുകളിൽ രാജീവനെ മരണം അറിഞ്ഞ ഭാവം പോലുമില്ല. എന്തുകൊണ്ടാണിങ്ങനെ? ജീവിതകാലം മുഴുവൻ കോൺഗ്രസ് പക്ഷത്തു നിലയുറപ്പിച്ച ഒരു എഴുത്തുകാരനെ കോൺഗ്രസ് നേതാക്കൾ അപമാനിക്കുകയല്ലേ ചെയ്തത്?