ഒരു ഗോവൻ മമ്മൂട്ടിയോർമ്മ
ബിജു മുത്തത്തി
2009 ലെ ഗോവ ചലച്ചിത്ര മേളയിൽ മമ്മൂട്ടിയായിരുന്നു മുഖ്യാതിഥി. എല്ലാ മലയാളം ചാനലുകളും ഗോവ കവർ ചെയ്യുന്ന കാലം. ഇന്നത്തെ പോലെ മേള ബിജെപിവൽക്കരിക്കാത്ത കാലമാണ്. കേന്ദ്രത്തിലും ഗോവയിലും കോൺഗ്രസായിരുന്നു ഭരണം.
മറ്റെന്ത് പരാതിയുണ്ടായാലും സെക്കുലറായിരുന്നു മേള. അന്നത്തെ ഗോവാ മുഖ്യമന്ത്രി ദിഗംബർ കാമത്തിന് മലയാളം ചാനലുകൾ എന്തോ ഒരു ഹരമായിരുന്നു. എപ്പോ വിളിച്ചാലും ക്യാമറക്കു മുന്നിൽ റെഡി! ഞങ്ങളുടെ ക്യാമറാമാൻ Tk Baburaj ബാബുരാജ് മൊറാഴ ഗോവാ മുഖ്യമന്ത്രിക്ക് വളരെ വേണ്ടപ്പെട്ടയാൾ വരെയായി.
എല്ലാ ദിവസവും രാത്രി പലവിധ ഉല്ലാസങ്ങും പാർട്ടികളുമായിരുന്നു.
‘ഗോവാ ഫ്രെയിംസ്’ എന്ന ഒരു പ്രതിദിന പരിപാടിയും ഞങ്ങൾക്കുണ്ടായിരുന്നു. രാവും പകലും ഷൂട്ട്!
മമ്മൂട്ടി മുഖ്യാതിഥിയായതോടെ ഓഫീസിൽ നിന്ന് സമ്മർദ്ദം കൂടി. അദ്ദേഹത്തിന്റെ ഇന്റർവ്യൂയില്ലാതെ തിരിച്ചു ചെല്ലേണ്ടെന്ന് എംഡി! പക്ഷേ മമ്മൂട്ടിയാണെങ്കിൽ വഴങ്ങുന്നുമില്ല. എന്തു ചെയ്യും?
വഴിയുണ്ടായി. മമ്മൂട്ടി താമസിക്കുന്ന ‘ഹോട്ടൽ സിദാദെ ഗോവ’ ഞങ്ങളുടെ
ഗോവാ സുഹൃത്തായ ദാസേട്ടൻ (കൃഷ്ണദാസ് ഓട്ടൂർ) വഴി കണ്ടെത്തി.
ഞാനും Maneesh Narayanan മനീഷ് നാരായണനും ( ഇപ്പോഴത്തെ ദി ക്യൂ എഡിറ്റർ) എക്സ്ക്ലൂസീവാക്കാനുള്ള ത്വരയുടെ ഭാഗമായി മാറ്റാരുമറിയാതെ
മമ്മൂട്ടിയെത്തും മുമ്പേ സിദാദെ ഗോവയ്ക്കു മുന്നിൽ പതുങ്ങി നിന്നു. അദ്ദേഹം വന്നു കേറുമ്പോൾ മൈക്കുമായി പാഞ്ഞു കയറി. ഹ ഹ! പിന്നെ പറയണ്ട പൂരം. കടക്കു പുറത്തി’ന്റെ അന്നത്തെ വേർഷൻ.
കൈരളിയായതുകൊണ്ട് ബാബുരാജിനും എനിക്കും കുറച്ചധികം കിട്ടി.
ഗോവക്കാർ ആർക്കും മനസ്സിലായില്ലെന്നതായിരുന്നു ഏക ആശ്വാസം.
ഞങ്ങൾ നിരാശരായി മടങ്ങി മീരാമറിലെത്തി കടൽത്തീരത്തു പോയി കാറ്റു കൊണ്ടു. കുറേ കഴിയുമ്പോൾ അതാ, മമ്മൂട്ടിയുടെ കോൾ. നേരത്തേയുള്ളതിനേക്കാൾ കുറേക്കൂടി കനത്തിലുള്ള ശകാരങ്ങളായിരിക്കുമെന്നേ കരുതിയുള്ളൂ. എന്നാൽ അത് ‘മറ്റൊരു’ മമ്മൂക്കയായിരുന്നു. ഞങ്ങളെ അദ്ദേഹം ഹോട്ടലിലേക്ക് ക്ഷണിച്ചു. സെറ്റിൽ നിന്നു വരുന്നതിന്റെ ക്ഷീണത്തെക്കുറിച്ചോ മറ്റോ ക്ഷമാപണം പോലെ പറഞ്ഞു.
ആ സ്വാതന്ത്ര്യത്തിൽ ഞങ്ങൾ തിരിഞ്ഞും മറിഞ്ഞും അഭിമുഖമെടുത്തു. അന്നത്തെ എപ്പിസോഡ് അസ്സലായി.
അഭിമുഖത്തിന് ശേഷവും ദീർഘനേരമിരുന്ന് അദ്ദേഹം ഞങ്ങൾക്കൊപ്പം നാട്ടുവിശേഷങ്ങളും ഗോവാ വിശേഷങ്ങളും രാഷ്ട്രീയവും പങ്കുവെച്ചു. അതുമാത്രമല്ല സൗഭാഗ്യം.
പിന്നിട് പലതവണ കണ്ടപ്പോഴെല്ലാം ആ സന്ദർഭം അദ്ദേഹം മറന്നിട്ടില്ലെന്നതാണ്. ചുമലിൽ പിടിച്ച് സ്നേഹത്തോടെ സംസാരിക്കാറുണ്ടായിരുന്നു
എന്നതാണ്.
കേരള എക്സ്പ്രസി’ന്റെ ടി ദാമോദരൻ മാഷ് ഓർമ്മപ്പതിപ്പിനായി വേറൊരു തവണയും മമ്മൂട്ടിയെ അഭിമുഖം ചെയ്തു. പരിപാടി കാണാറുണ്ടെന്ന് പറഞ്ഞത് വിശ്വസിച്ചില്ലെങ്കിലും എന്റെ ചില മാനറിസങ്ങൾ അദ്ദേഹം എടുത്തു പറഞ്ഞത് ഞെട്ടിച്ചു കളഞ്ഞു. ഒന്നു രണ്ട് ചെറിയ ഓർമ്മകൾ വേറെയുമുണ്ട്.
സഹമുറിയനായ മനീഷ് നാരായണൻ പിന്നീട് മമ്മൂട്ടിയുടെ വളരെയടുത്ത അഭിമുഖകാരന്മാരിൽ ഒരാളായി മാറിയത് പ്രത്യേകം പറയേണ്ടല്ലോ!
ഇന്ത്യൻ സിനിമയെന്നാൽ ഹിന്ദി സിനിമ മാത്രമല്ലെന്നാണ് അന്ന് മമ്മൂട്ടി ഗോവയിൽ നടത്തിയ ഗംഭിരമായ പ്രസംഗം. ഇന്ന് അങ്ങനെയൊരു പ്രസംഗം ഗോവയിലെന്നല്ല ഇന്ത്യയിലെവിടെയും അസാധ്യമായിരിക്കുന്നു. ഇന്ത്യൻ പനോരമയെല്ലാം ഹിന്ദി പനോരമയും ഹിന്ദുത്വ പനോരമയുമായി. തെരഞ്ഞെടുപ്പുകളിലൊന്നും ആർക്കും വിശ്വാസമില്ലാതായി. മമ്മൂട്ടിയെയോ കമലഹാസനെയോ പോലെ ഒരാളെ ഇനി ഗോവ മുഖ്യാതിഥിയാക്കുന്ന കാര്യം നമുക്ക് ചിന്തിക്കാൻ പോലുമാവില്ല.
അതുകൊണ്ടും ഈ ഓർമ്മച്ചിത്രങ്ങൾക്കെല്ലാം വലിയ പ്രസക്തിയുണ്ടെന്നു തന്നെ കരുതുന്നു.
മലയാളിയുടെ മഹാനായ നടന്
സ്നേഹത്തോടെ ആദരവോടെ പിറന്നാൾ ആശംസകൾ.