ഇൻ ഹരിഹർ നഗർ സിനിമയ്ക്കുവേണ്ടി ബിച്ചു തിരുമല ഈ വരികളെഴുതുമ്പോൾ അദ്ദേഹത്തിൻ്റെ മനസിൽ ആരിഫ് മുഹമ്മദ് ഖാൻ കടന്നുവരാൻ ഒരു സാഹചര്യവുമില്ല. എന്നാൽ ഇന്നീ വരികൾ കേൾക്കുമ്പോഴാകട്ടെ, ചെമ്പല്ലിയുടെ സ്ഥാനത്ത് അദ്ദേഹം മാത്രമേയുള്ളൂ. മേൽക്കൂര താങ്ങുന്ന തടിമാടൻ പല്ലിയാകരുത് എന്ന് മുഖ്യമന്ത്രി ഗവർണറുടെ മുഖമടച്ച് പ്രഹരിച്ചു കഴിഞ്ഞു. ഉളുപ്പുണ്ടെങ്കിൽ ആരിഫ് മുഹമ്മദ് ഖാൻ രാജിവെച്ച് ഇറങ്ങിപ്പോകണം.
ഇല്ലാത്ത അധികാരം ഉണ്ടെന്ന് ഭാവിച്ച് ഗവർണർ ഇറക്കുന്ന ഉത്തരവുകൾക്ക് ചവറ്റു കുട്ടയിലാണ് സ്ഥാനം എന്ന് മുഖ്യമന്ത്രി അസന്നിഗ്ധമായി പ്രഖ്യാപിച്ചു കഴിഞ്ഞു. ഗവർണറുടെ ആജ്ഞ സ്വീകരിച്ച് ഒരു വിസിയും രാജിവെച്ചതുമില്ല. മാധ്യമങ്ങൾ സമീപിച്ചപ്പോഴാകട്ടെ, കേഡറുകളോട് സംസാരിക്കാൻ താൻ തയ്യാറല്ല എന്ന മുട്ടുന്യായം പറഞ്ഞ് രാജ്ഭവനിലേയ്ക്ക് വലിയുകയാണ് ഗവർണർ ചെയ്തത്.
ബിജെപിയ്ക്കുവേണ്ടി പിൻവാതിൽ ഭരണം നടത്താനാണ് ഗവർണറുടെ ശ്രമം. ഇവിടെ മാത്രമല്ല, പ്രതിപക്ഷ പാർടികൾ ഭരണത്തിലിരിക്കുന്ന എല്ലാ സംസ്ഥാനങ്ങളിലും ഗവർണർമാർ അധികാരപരിധി വിടുകയാണ്. താൻ നിയമിച്ച വിസിമാരോട് രാജിവെയ്ക്കാൻ അന്ത്യശാസനം നൽകിക്കൊണ്ട് ആ പരിധി വിടലിൽ ആരിഫ് മുഹമ്മദ് ഖാൻ മുന്നിലെത്തിയെന്ന് മാത്രം.
ഒരു കേസിലെ കോടതി വിധിയെ എല്ലാ കേസുകൾക്കും ബാധകമാക്കി നടപടിയെടുക്കാനുള്ള അധികാരമൊന്നും ഗവർണർക്കോ പ്രസിഡന്റിനോ ഇല്ല. അങ്ങനെയൊരു നിയമമില്ല. ചട്ടമില്ല. കീഴ് വഴക്കവുമില്ല. ഉദാഹരണത്തിന് കെടിയു കേസിലെ സുപ്രിംകോടതി വിധി പരിശോധിക്കൂ. ആ കേസിൽ വിധിയ്ക്ക് ആധാരം സമാനമായ കേസിൽ സുപ്രിംകോടതി പുറപ്പെടുവിച്ച മറ്റൊരു വിധിയാണ്.
ഗുജറാത്തിലെ സർദാർ പട്ടേൽ യൂണിവേഴ്സിറ്റിയിലെ വൈസ് ചാൻസലറുടെ നിയമനം റദ്ദാക്കിയ വിധി. യുജിസി ചട്ടങ്ങളുടെ ലംഘനമാണ് പൊതുവിൽ അവിടെയും പരിഗണിച്ചത്. സെർച്ചു കമ്മിറ്റി നിശ്ചയിച്ച യോഗ്യത പോലുമില്ലാത്ത ആളെയാണ് അവിടെ വൈസ് ചാൻസലറാക്കിയത്. ഇവിടെ അങ്ങനെയൊന്നുമല്ല. അത് വേറെ വിഷയം. ഈ കേസിൽ പുനഃപ്പരിശോധനാ ഹർജി നൽകുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിക്കഴിഞ്ഞു.
സർദാർ പട്ടേൽ സർവകലാശാലാ വിസി നിയമനം റദ്ദാക്കിയ സുപ്രിംകോടതി വിധി വന്നത് ഇക്കഴിഞ്ഞ മാർച്ചിലാണ്. ആ വിധി ഇവിടെ ബാധകമാക്കാൻ എന്തുകൊണ്ട് ഗവർണർ തയ്യാറായില്ല. കെടിയു കേസിലെ വിധി ചൂണ്ടിക്കാണിച്ച് രാജി ആവശ്യപ്പെടുന്ന ഗവർണർക്ക് സർദാർ പട്ടേൽ സർവകാലാശാലാ വിധി ചൂണ്ടിക്കാണിച്ചും രാജി ആവശ്യപ്പെടാമായിരുന്നു. എന്തുകൊണ്ട് ചെയ്തില്ല.
അന്ന് അമിതാധികാരമദം ഇത്രയ്ക്കങ്ങോട്ട് പൊട്ടിയൊഴുകിയിട്ടില്ല. മദഗ്രന്ഥി വീർക്കുമ്പോഴല്ലേ മദപ്പാടിളകൂ. അതിനു സമയവും കാലവുമുണ്ട്. കെടിയു വിധി വന്നതും മദം പൊട്ടിയതും ഒരുമിച്ചായിരുന്നു എന്നു മാത്രം.
അധികാരത്തിന്റെ മദം പൊട്ടിയാൽ ജനാധിപത്യത്തിൻ്റെ ചങ്ങല കൊണ്ടു ബന്ധിക്കുക തന്നെ ചെയ്യുമെന്നാണ് ഗവർണർക്ക് പിണറായി വിജയൻ നൽകിയ മുന്നറിയിപ്പ്.
കേരളത്തെ അവഹേളിക്കാനും തിരഞ്ഞെടുക്കപ്പെട്ട മന്ത്രിമാരുടെ പൊതുവിജ്ഞാനത്തിന് മാർക്കിടാനും ലോകം അംഗീകരിക്കുന്ന പണ്ഡിതശ്രേഷ്ഠരെ ഗുണ്ടയെന്നു വിളിച്ച് ആക്ഷേപിക്കാനും തന്റെ പ്രീതി നഷ്ടപ്പെട്ടാൽ മന്ത്രിസ്ഥാനത്തു നിന്ന് പുറത്താക്കുമെന്ന് ഭീഷണിയുയർത്താനും മടിയും മര്യാദയും സംസ്ക്കാരവുമില്ലാത്ത ബിജെപി സേവകനെ കേരളം അനുയോജ്യമായ പാഠം പഠിപ്പിക്കുക തന്നെ ചെയ്യും.
ഇത് ജനാധിപത്യം സംരക്ഷിക്കാനുള്ള പോരാട്ടമാണ്. തിരഞ്ഞെടുക്കപ്പെട്ട സർക്കാരും ബിജെപിയുടെ സേവ പിടിച്ചു രാജ്ഭവനിൽ പിൻവാതിൽ നിയമനം കിട്ടിയ ഗവർണറും തമ്മിലാണ് പോരാട്ടം. ഭരണഘടനയേൽപ്പിച്ച പദവിയുടെ അന്തസും ഔന്നിത്യവും ഉയർത്തിപ്പിടിക്കുന്ന മുഖ്യമന്ത്രിയും സംസ്ക്കാരം തൊട്ടുതെറിച്ചിട്ടില്ലാത്ത ബിജെപിയുടെ കിങ്കരനും തമ്മിലാണ് പോരാട്ടം. ഈ പോരാട്ടത്തിൽ ജനാധിപത്യം വിജയിച്ചേ മതിയാകൂ