അഗർത്തല: പശ്ചിമ ബംഗാളിലെ സിലിഗുരിയിലെ മൃഗശാലയിലെ സിംഹങ്ങൾക്ക് അക്ബറും സീതയുമെന്ന് പേര് നൽകിയ ഉദ്യോഗസ്ഥാനെ സസ്പെൻഡ് ചെയ്ത് ത്രിപുര സർക്കാർ. ത്രിപുര വനം, വന്യജീവി, ഇക്കോടൂറിസം പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ പ്രബിൻ ലാൽ അഗർവാളിനെയാണ് സസ്പെൻഡ് ചെയ്തത്.
മതവികാരം വ്രണപ്പെടുത്തുന്നുവെന്ന് കാണിച്ച് വിഎച്ച്പി കൽക്കട്ട ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ത്രിപുര സർക്കാർ ഇതുമായിബന്ധപ്പെട്ട ഐഎഫ്എസ് ഉദ്യോഗസ്ഥനെതിരെ നടപടിയെടുത്തിരിക്കുന്നത്. 1994 ബാച്ച് ഐഎഫ്എസ് ഉദ്യോഗസ്ഥനായ അഗർവാൾ ത്രിപുരയുടെ ചീഫ് വൈൽഡ് ലൈഫ് വാർഡനായി സേവനമനുഷ്ഠിക്കുകയായിരുന്നു.
സിംഹങ്ങൾക്ക് അക്ബർ, സീത എന്ന് പേരിട്ടത് ശരിയായില്ലെന്ന് കൽക്കട്ട ഹൈക്കോടതി പറഞ്ഞിരുന്നു. വിവാദങ്ങൾ ഒഴിവാക്കേണ്ടതായിരുന്നെന്നും സിംഹങ്ങൾക്ക് മറ്റെന്തെങ്കിലും പേര് നൽകണമെന്നും കോടതി നിരീക്ഷിക്കുകയും ചെയ്തിരുന്നു. മൃഗങ്ങൾക്ക് ദൈവത്തിന്റെ പേരാണോ ഇടുന്നതെന്നും സിംഹങ്ങൾക്ക് ദേശീയ നായകന്മാരുടെ പേര് നൽകുമോയെന്നും കോടതി ചോദിച്ചു.