ചെന്നൈ: തമിഴ്നാട്ടിൽ അസാധാരണ നീക്കത്തിലൂടെ മന്ത്രി വി സെന്തിൽ ബാലാജിയെ ഗവർണർ ആർ എൻ രവി മന്ത്രിസഭയിൽനിന്ന് പുറത്താക്കിയ നടപടി ഗവർണർ മരവിപ്പിച്ചു. ആർ എൻ രവി തന്നെയാണ് വ്യാഴാഴ്ച രാത്രിയോടെ സെന്തിൽ ബാലാജിയെ പുറത്താക്കി ഉത്തരവിറക്കിയത്. അതേ ഉത്തരവ് മണിക്കൂറുകൾക്കുള്ളിൽ അദ്ദേഹത്തിന് മരവിപ്പിക്കേണ്ടി വന്നു. മുഖ്യമന്ത്രി എം കെ സ്റ്റാലിൻ്റെ ശുപാർശയില്ലാതെയാണ് സെന്തിൽ ബാലാജിയെ പുറത്താക്കിയത്. മുഖ്യമന്ത്രി അറിയാതെ ഗവർണർ നേരിട്ട് മന്ത്രിയെ പുറത്താക്കുന്നത് രാജ്യത്ത് ആദ്യം. മന്ത്രിമാരെ നേരിട്ട് നിയമിക്കാനും പുറത്താക്കാനും ഗവർണർക്ക് ഭരണഘടന പ്രകാരം അധികാരമില്ലാതിരിക്കെ അദ്ദേഹത്തിൻ്റെ നടപടിയിൽ വ്യാപക പ്രതിഷേധമുയർന്നു.
ഏഴുവർഷംമുമ്പ് ജയലളിതയുടെ എഐഎഡിഎംകെ സർക്കാരിൽ മന്ത്രിയായിരിക്കെ ജോലി വാഗ്ദാനംചെയ്ത് കബളിപ്പിച്ചെന്ന കേസിൽ ഈ മാസം 14ന് ഇഡി അറസ്റ്റ് ചെയ്ത ബാലാജി നിലവിൽ ആശുപത്രിവാസത്തിലാണെങ്കിലും ജുഡീഷ്യൽ കസ്റ്റഡിയിലാണ്. ബാലാജി മന്ത്രിയായി തുടർന്നാൽ അന്വേഷണത്തെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്നും അതിനാലാണ് പുറത്താക്കിയതെന്നുമായിരുന്നു രാജ്ഭവന്റെ വിശദീകരണം. ഇതിൻ്റെ നിയമ, ഭരണഘടനാ സാധുത ചോദ്യംചെയ്യപ്പെട്ടതോടെയാണ് നിയമോപദേശം തേടാൻ ഗവർണർ തീരുമാനിച്ചത്.
അറസ്റ്റിനു പിന്നാലെ ബാലാജി കൈകാര്യം ചെയ്ത വൈദ്യുതി, എക്സൈസ് അടക്കമുള്ള വകുപ്പുകൾ മറ്റ് രണ്ട് മുതിർന്ന മന്ത്രിമാർക്ക് കൈമാറിയിരുന്നു. ഇതിന് ഗവർണർ അംഗീകാരം നൽകി. ബാലാജിയെ വകുപ്പില്ലാമന്ത്രിയായി നിലനിർത്താനായിരുന്നു മുഖ്യമന്ത്രിയുടെ തീരുമാനം. ഇതിനോട് ഗവർണർ വിയോജിപ്പ് അറിയിച്ചു. എന്നാൽ, വകുപ്പില്ലെങ്കിലും ബാലാജി മന്ത്രിയായി തുടരുമെന്ന് മുഖ്യമന്ത്രി നിലപാട് എടുക്കുകയായിരുന്നു. ദിവസങ്ങൾക്ക് ശേഷം അപ്രതീക്ഷിതമായാണ് ഗവർണറുടെ അസാധാരണ നടപടിയുണ്ടായത്. മന്ത്രിസഭയിൽ ബാലാജി തുടരുന്നത് ചോദ്യംചെയ്ത ഹർജികൾ ജൂലൈ ഏഴിന് മദ്രാസ് ഹൈക്കോടതി പരിഗണിക്കും.
തമിഴ്നാട് സെക്രട്ടറിയറ്റിൽ കടന്നുകയറിയുള്ള റെയ്ഡിനും 18 മണിക്കൂർ നീണ്ട ചോദ്യംചെയ്യലിനുമൊടുവിൽ ബാലാജിയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അർധരാത്രി നാടകീയമായി അറസ്റ്റ് ചെയ്തത് വൻ വിവാദമായിരുന്നു. പടിഞ്ഞാറൻ തമിഴ്നാട്ടിലെ കൊങ്കുദേശ മേഖലയിൽ സ്വാധീനമുള്ള നേതാവായ ബാലാജി 2018ൽ ഡിഎംകെയിൽ എത്തിയശേഷമാണ് അദ്ദേഹത്തിനെതിരെ കേന്ദ്ര ഏജൻസികളുടെ നീക്കമുണ്ടായത്. കസ്റ്റഡിയിൽ ആശുപത്രിയിൽ കഴിയവെ കോടതി അനുമതിയോടെ ബാലാജി ഹൃദയശസ്ത്രക്രിയക്ക് വിധേയനായി.