ലഖ്നൗ: മകൻ ഏറ്റുമുട്ടൽ കൊലപാതകത്തിൽ മരിച്ചതിനു പിന്നാലെ സമാജ്വാദി പാർട്ടി മുൻ എംപിയും യുപിയിലെ ഗുണ്ടാത്തലവനുമായ ആതിഖ് അഹ്മദിനെയും സഹോദരൻ അഷ്റഫ് അഹ്മദിനെയും വെടി വെച്ചു കൊന്നു. ഉമേഷ് പാൽ വധക്കേസിൽ പിടിയിലായ ഇവരെ മെഡിക്കൽ പരിശോധനക്കായി കൊണ്ടുപോകുന്നതിനിടെയാണ് വെടിയേറ്റത്. പോലീസ് രണ്ടു പേരുടെയും കൈകൾ ചങ്ങലയിൽ ബന്ധിച്ച് നടത്തിക്കൊണ്ടുപോവുകയായിരുന്നു. മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിച്ചു കൊണ്ടിരിക്കെയാണ് ഇരുവർക്കും വെടിയേറ്റത്. കൊലപാതകത്തിനു പിന്നാലെ യുപിയിലെ എല്ലാ ജില്ലകളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഉമേഷ് പാൽ വധക്കേസിലാണ് ഗുണ്ടാത്തലവനും രാഷ്ട്രീയനേതാവുമായ അതിഖ് അഹമ്മദും സഹോദരൻ അഷ്റഫ് അഹമ്മദും പിടിയിലായത്. പ്രയാഗ് രാജിൽ വെച്ചാണ് ഇവർ കൊല്ലപ്പെട്ടത് മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
അതിഖ് അഹമ്മദിൻ്റെ മകൻ ആസാദ് അഹമ്മദും കൂട്ടാളി ഗുലാമും ഉത്തർപ്രദേശ് പോലീസിൻ്റെ പ്രത്യേക ദൗത്യസേനയുമായുള്ള (എസ്ടിഎഫ്) ഏറ്റുമുട്ടലിൽ വ്യാഴാഴ്ചയാണ് കൊല്ലപ്പെട്ടത്. തന്റേയും കുടുംബാംഗങ്ങളുടേയും ജീവന് ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ട് അതിഖ് നേരത്തെ സുപ്രീംകോടതിയെ അടക്കം സമീപിച്ചിരുന്നു.
അതേസമയം, കൊലപാതകം അന്വേഷിക്കാനായി യോഗി സർക്കാർ ജുഡീഷ്യൽ കമ്മീഷനെ നിയോഗിച്ചു. ഉമേഷ് പാൽ വധക്കേസിൽ പ്രതികളാണ് അതിഖും സഹോദരൻ അഷ്റഫും. 2005ൽ അന്നത്തെ ബിഎസ്പി എംഎൽഎ രാജുപാലിനെ കൊലപ്പെടുത്തിയ കേസിലെ പ്രധാന സാക്ഷിയായ ഉമേഷ് പാലും രണ്ട് സുരക്ഷാ ഉദ്യോഗസ്ഥരും ഫെബ്രുവരി 24നാണ് പ്രയാഗ് രാജിലെ ധൂമംഗഞ്ചിൽ വീടിനുപുറത്ത് വെടിയേറ്റ് മരിച്ചത്. അതിഖ് അറസ്റ്റിലാവുന്നതും ഈ കേസിലാണ്. മുൻ എം.പി.യായ ഇയാൾ നൂറോളം ക്രിമിനൽ കേസുകളിൽ പ്രതിയാണ്.