തിരുവനന്തപുരം: 2021 ജനുവരി 27 ന് സർക്കാർ നൽകിയ ഒരു നിർദ്ദേശം 2023 ഏപ്രിൽ 10 ന് ലീഡ് വാർത്തയാക്കി മലയാള മനോരമയുടെ സർക്കാർ വിരുദ്ധ ഉടുതുണിയുരിഞ്ഞാട്ടം. സമാശ്വാസം പെൻഷൻ നിലച്ചെന്നാണ് നിലവിളി. അതും സാമ്പത്തിക പ്രതിസന്ധി മൂലം. 2021 മുതലുള്ള അപേക്ഷകരെ തഴഞ്ഞെന്നും മനോരമ കണ്ടുപിടിച്ചിട്ടുണ്ട്. ട്രഷറി ഇന്ന് പൂട്ടും, നാളെ പൂട്ടും എന്നാർത്തു വിളിച്ച് തുള്ളിച്ചാടി നടന്നതാണ്. അരിച്ചു പെറുക്കി പ്രതിസന്ധി കണ്ടുപിടിക്കാൻ മനോരമ പത്രത്തിൻ്റെയും ചാനലിൻ്റെയും പട തന്നെ ഇറങ്ങി. പെൻഷൻ മുടങ്ങും, ശമ്പളം വൈകും, പ്രതിസന്ധി രൂക്ഷം, ഖജനാവ് കാലി എന്നൊക്കെ ഓരിയിടൽ. മത്സരിച്ച് മറ്റു മാധ്യമങ്ങളും. പക്ഷേ, മനോരമാദി മാധ്യമങ്ങൾ കടുത്ത നിരാശയിലമർന്നു പോയി. അവർ കണ്ണും നട്ട് കാത്തിരുന്നിട്ടും ട്രഷറി പൂട്ടിയില്ല. ശമ്പളവും പെൻഷനും മുടങ്ങിയില്ല. പദ്ധതി നിർവഹണം സ്തംഭിച്ചില്ല.
സാമൂഹ്യ സുരക്ഷാ പെൻഷൻ മുടങ്ങുമെന്നായിരുന്നു ഒടുക്കത്തെ സ്വപ്നം. അതും പൊലിഞ്ഞു. സാമൂഹ്യ സുരക്ഷാ പെൻഷൻ അടക്കമുള്ള ക്ഷേമ പെൻഷനുകൾ വിതരണം തുടങ്ങുന്ന ദിവസമാണ് മനോരമ നിർധന രോഗികളോടും കാരുണ്യമില്ല എന്ന തലക്കെട്ടിൽ സമാശ്വാസം പെൻഷൻ നിലച്ചു എന്ന പെരുങ്കള്ളം ലീഡ് വാർത്തയായി നൽകിയത്. ക്ഷേമ പെൻഷൻ നൽകുന്നത് 60 ലക്ഷത്തിലധികം വരുന്ന സാധാരണക്കാർക്കാണ്. അതും രണ്ടു മാസത്തെ പെൻഷൻ തുക ഒരുമിച്ച്. അതായത് വിഷുക്കൈനീട്ടമായി 3200 രൂപ അറുപത് ലക്ഷം പേരുടെ കൈയിലെത്തുന്നു. മനോരമ എങ്ങിനെ സഹിക്കും. മനോരമയുടെ അധമ മനസ്സിൽ അങ്ങിനെയാണ് ഈ വ്യാജ സൃഷ്ടി രൂപം കൊണ്ടത്. അതിന് ഉപയോഗിച്ചതാകട്ടെ 2020-21 സാമ്പത്തിക വർഷം അവസാനിക്കാനിരിക്കെ നൽകിയ നിർദ്ദേശവും. 2021 ജനുവരി 27 നാണ് ആ സാമ്പത്തിക വർഷത്തേക്ക് പുതിയ അപേക്ഷകൾ പരിഗണിക്കേണ്ടെന്ന നിർദ്ദേശം വന്നത്. അത് ആ സാമ്പത്തിക വർഷത്തേക്ക് മാത്രം ബാധകമായ നിർദ്ദേശമാണ്. ഇനി ആർക്കും പെൻഷൻ കൊടുക്കേണ്ട എന്നല്ല അതിനർഥം. ഫെബ്രുവരി. മാർച്ച് മാസം കഴിഞ്ഞാൽ അത്തരത്തിൽ ലഭിക്കുന്ന അപേക്ഷകളും പരിഗണിക്കും എന്നാണ്. സാമ്പത്തിക വർഷം തീരാനിരിക്കെ 2020-21 ലേക്ക് മാത്രമായി നൽകിയ നിർദ്ദേശം മനോരമയുടെ വ്യാജവാർത്താ നിർമ്മാണ ബുദ്ധിശാലയിൽ സംസ്കരിച്ച് 2023 ഏപ്രിൽ 10 ന് മുഖ്യ വാർത്തയായി മാറി.
എൽ ഡി എഫ് സർക്കാർ പാവപ്പെട്ട രോഗികളുടെ സഹായം നിഷേധിച്ചു എന്ന് വരുത്താനാണ് മനോരമയുടെ ശ്രമം. ഡയാലിസിസ് ചെയ്യുന്ന വ്യക്ക രോഗികൾ, അവയവ മാറ്റ ശസ്ത്രക്രിയ നടത്തിയവർ, സിക്കിൾ സെൽ അനീമിയ രോഗികൾ, ഹീമോഫീലിയ ബാധിതർ എന്നിവർക്കാണ് സമാശ്വാസം പദ്ധതിയിൽ ധനസഹായം നൽകുന്നത്.
മനോരമയുടെ കള്ളം പൊളിക്കുന്ന വസ്തുതകൾ:
ആവശ്യമായ രേഖകൾ സമർപ്പിച്ച 2977 പേർക്കായി 2022 – 23 സാമ്പത്തിക വർഷം 3.89 കോടി രൂപ (3, 89,99,250 രൂപ) വിതരണം ചെയ്തു കഴിഞ്ഞു. ഡയാലിസിസ് ചെയ്യുന്നവരുടെ 2022 നവംബർ വരെയുള്ള ആനുകൂല്യങ്ങളാണ് ഇതിനകം നൽകിയത്. 1100 രൂപയാണ് പ്രതിമാസ സഹായ ധനം. 1668 പേർക്കായി 2, 31,65, 250 രൂപ വിതരണം ചെയ്തു. വ്യക്ക, കരൾ മാറ്റിവെയ്ക്കൽ ശസ്ത്രക്രിയക്ക് വിധേയരായ 50 പേർക്ക് 2023 ഫെബ്രുവരി വരെയുള്ള തുക നൽകി. 13,71,000 രൂപ. മാസം ആയിരം രൂപയാണ് സഹായം. സിക്കിൾ സെൽ അനീമിയ രോഗികളുടെ 2022 ഡിസംബർ വരെയുള്ള ആനുകൂല്യമായി 33,90,000 രൂപ വിതരണം ചെയ്തു. 201 പേർക്കാണ് മാസം 2,000 രൂപ വീതം നൽകിയത്. ഹീമോഫീലിയ രോഗികൾക്ക് മാസം ആയിരം രൂപ വീതമാണ് നൽകുന്നത്. 2022 നവംബർ വരെയുള്ള ആനുകൂല്യങ്ങൾ നൽകി. 1058 പേർക്ക് 1, 10,73,000 രൂപ. കഴിഞ്ഞ സാമ്പത്തിക വർഷം 2.10 കോടി രൂപ മാത്രമാണ് സർക്കാർ അനുവദിച്ചതെന്നാണ് മനോരമയുടെ മറ്റൊരു നുണ. 3.90 കോടി രൂപയാണ് സർക്കാർ അനുവദിച്ചത്. 1.80 കോടി രൂപ മനോരമ നൈസായി അങ്ങ് വെട്ടിക്കുറച്ചു.
ഇനി 2021 മുതലുള്ള അപേഷകൾ പരിഗണിക്കേണ്ടെന്ന് നിർദേശം നൽകിയെന്ന് വാർത്തയിൽ പറയുന്നുണ്ട്. സാമാന്യ മര്യാദ മനോരമയിൽ നിന്ന് മനോരമക്കാരുടെ കുടുംബാംഗങ്ങൾ പോലും പ്രതീക്ഷിക്കുന്നില്ല. എന്നാൽ 2021 സാമ്പത്തിക വർഷത്തേക്ക് മാത്രമായി കൊടുത്ത ഒരു നിർദ്ദേശം 2023 ലേക്ക് വരെ വലിച്ചു നീട്ടുന്ന ള്ളുപ്പില്ലായ്മയാണ് മനോരമക്കാരുടെ അലങ്കാരം.
“മനോരമ പേ വിഷ” വാക്സിൻ ഔട്ട് ഓഫ് സ്റ്റോക്ക്
സംസ്ഥാനത്ത് സർക്കാർ ആശുപത്രികളിൽ പേവിഷ വാക്സിൻ ഇല്ലെന്ന് ആഞ്ഞുപിടിച്ച് പ്രചരിപ്പിക്കുന്നുണ്ട് മനോരമ. രണ്ടു നാളായി പ്രധാന വാർത്തയാണ്. കുറേ നാൾ തെരുവുപട്ടികൾക്കു പുറകെയായിരുന്നു ഓട്ടം. സമൂഹത്തിൽ പരിഭ്രാന്ത്രി പടർത്തി പിന്മാറി. എല്ലാ മെഡിക്കൽ കോളേജ് ആശുപത്രികളിലും ജില്ലാ താലൂക്ക് ആശുപത്രികളിലും പേവിഷ വാക്സിൻ സ്റ്റോക്കുണ്ട് എന്നതാണ് യാഥാർഥ്യം, സാരമായ കടിയേൽക്കുന്നവർക്ക് നൽകാനുള്ള ഇക്വീൻ ആന്റി റാബീസ് ഇമ്യൂണോ ഗ്ലോബുലിൻ (ഇആർഐജി) വാക്സിനും സർക്കാർ ആശുപത്രികളിൽ ലഭ്യമാണ്. കൂടുതൽ ഇആർഐജി വാക്സിൻ എത്തിക്കുന്നതിന് കാരുണ്യ വഴി നടപടി സ്വീകരിക്കുകയും ചെയ്തു. കൂടുതൽ സ്റ്റോക്ക് ഹൈദരാബാദിൽനിന്ന് ഉടൻ എത്തും. സംസ്ഥാനത്ത് ഇആർഐജിയുടെ ഉപയോഗം മുൻ വർഷത്തേക്കാൾ 145 ശതമാനത്തോളം അധികമാണ്. പുതിയ കേന്ദ്ര മാനദണ്ഡപ്രകാരം ചെറിയ കടിയേൽക്കുന്നവർക്കും ഇആർഐജി വാക്സിൻ നൽകുന്നതു കൊണ്ടാണ് വാക്സിൻ ഉപയോഗം വർധിച്ചത്. ഇആർഐജി ക്ഷാമം ഉണ്ടാകാതിരിക്കാൻ ആശുപത്രികളിൽ ലോക്കൽ പർച്ചേസിലൂടെ അധിക വാക്സിൻ വാങ്ങാൻ നടപടിയെടുത്തിട്ടുമുണ്ട്. എന്നിട്ടും ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കാൻ കൊണ്ടു പിടിച്ചു ശ്രമിക്കുകയാണ് മനോരമ.