കണ്ണൂർ: ലെെഫ് പദ്ധതിക്ക് വൻ ജനപിന്തുണയാണ് ലഭിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പാവപ്പെട്ടവർക്ക് സ്വന്തമായി വീട് ലഭിക്കുമ്പോൾ എല്ലാവരും സന്തോഷിക്കുകയാണ് വേണ്ടത്. നിർഭാഗ്യവശാൽ ഇത്തരം പദ്ധതികളിലും ചിലർ അനാവശ്യ വിവാദങ്ങളുണ്ടാക്കുകയാണ്. ജാതിയോ മതമോ രാഷ്ട്രീയമോ നോക്കിയല്ല വീടിന് അർഹത നിശ്ചയിക്കുന്നത്. ഭൂമിയും വീടുമില്ലാത്ത 174 കുടുംബങ്ങൾക്ക് ലൈഫ് പദ്ധതിയിൽ നിർമ്മിച്ച നാല് ഭവനസമുച്ചയങ്ങൾ കെെമാറുന്ന ചടങ്ങ് കണ്ണൂരിലെ കടമ്പൂരിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
കടമ്പൂരിന് പുറമെ കൊല്ലം പുനലൂരിലും കോട്ടയം വിജയപുരത്തും ഇടുക്കി കരിമണ്ണൂരിലുമാണ് ശനിയാഴ്ച ഭവനസമുച്ചയങ്ങൾ കൈമാറിയത്. സർക്കാരിൻ്റെ രണ്ടാംവാർഷികത്തോട് അനുബന്ധിച്ച് നൂറുദിന പരിപാടിയിൽ ഉൾപ്പെടുത്തിയാണ് ഈ ഭവനസമുച്ചയങ്ങൾ പൂർത്തീകരിച്ച് കൈമാറിയത്. ലൈഫ് പദ്ധതിയിൽ വീട് നിർമ്മിക്കുന്നതിനായി സർക്കാരിന് ഭൂമി കൈമാറാൻ മനസോടിത്തിരി മണ്ണ് കാമ്പയിൻ ആരംഭിച്ചിട്ടുണ്ട്. ഈ വർഷം 71861 വീടുകളും 30 ഭവന സമുച്ചയങ്ങളും നിർമ്മിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കടമ്പൂരിൽ 44 ഗുണഭോക്താക്കൾക്ക് മുഖ്യമന്ത്രി താക്കോൽ കൈമാറി. തദ്ദേശ വകുപ്പുമന്ത്രി എം ബി രാജേഷ് അധ്യക്ഷനായി. പുനലൂരിൽ മന്ത്രിമാരായ കെ എൻ ബാലഗോപാൽ, ജെ ചിഞ്ചുറാണി എന്നിവർ ചേർന്ന് താക്കോൽ കൈമാറി. കോട്ടയം വിജയപുരത്ത് മന്ത്രി വി എൻ വാസവനും ഇടുക്കി കരിമണ്ണൂരിൽ മന്ത്രി റോഷി അഗസ്റ്റിനും താക്കോൽ കൈമാറി. ലൈഫ് പദ്ധതിയിൽ 3, 40,040 വീടുകളാണ് ഇതിനകം പൂർത്തീകരിച്ചത്.