തൃശൂർ: ത്രിപുരയിൽ തെരഞ്ഞെടുപ്പിന് ശേഷം സിപിഎമ്മിനെതിരെ ബിജെപി അഴിച്ചു വിട്ട ആക്രമണം പ്രതിഷേധാർഹമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. കേരളം ഭരിക്കാമെന്ന ബിജെപിയുടെ മോഹം നടക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ സിപിഎം നേതാക്കളെ വധിക്കാൻ ബിജെപി പരസ്യമായി ആഹ്വാനം ചെയ്യുകയാണ്. ബിജെപിയുടെ ഈ കിരാതവാഴ്ചക്കെതിരെ എല്ലാ പാർടി ഘടകങ്ങളും ശക്തമായ പ്രതിഷേധം ഉയർത്തണം ത്രിപുരയിലെ സിപിഎം പ്രവർത്തകർക്ക് ഐക്യദാർഢ്യം പ്രകടിപ്പിക്കാനും അദ്ദേഹം അഭ്യർഥിച്ചു.
പണാധിപത്യം കൊണ്ട് ജനങ്ങളെയും അധികാരത്തേയും വിലക്കുവാങ്ങാൻ കഴിയുമെന്ന് കരുതിയാണ് ബിജെപി കേരളം പിടിക്കാനിറങ്ങുന്നതെങ്കിൽ അതിവിടെ നടക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഈ നാട് അങ്ങിയെുള്ള ഒരു നാടല്ല. ബിജെപിയുടെ ആ സ്വപ്നം സ്വപ്നമായിതന്നെ അവശേഷിക്കും. ബിജെപിയുടെ വോട്ട് വിഹിതം കുറയുകയാണ്. ബിജെപിക്ക് 15 ശതമാനത്തിനടുത്ത് വോട്ടുവിഹിതമുണ്ടായിരുന്നത് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 12 ശതമാനത്തിനടുത്തായി കുറഞ്ഞു. മതനിരപേക്ഷത ഉയർത്തി പിടിക്കുന്ന ഈ നാടിനെ വർഗീയ ഫാസിസ്റ്റുകൾക്ക് വിലക്കെടുക്കാനാവില്ല.
വ്യാജവാർത്തകൾ ചമച്ച് ഏഷ്യാനെറ്റ് നടത്തിയ പ്രചരണം ഒരുതരത്തിലും ന്യായീകരിക്കാൻ കഴിയുന്നതല്ല. ഇത് ക്രൂരമായ തെറ്റാണ്. നെറികെട്ട ഈ രീതിയെ ന്യായീകരിക്കനാണ് ഏഷ്യാനെറ്റ് ശ്രമിക്കുന്നത്. അതിനെ ജാഗ്രതയോടെ നേരിടണം. ജനക്ഷേമത്തിനും വികസനത്തിനുമായി നിലകൊള്ളുന്ന കേരളത്തിലെ എൽഡിഎഫ് സർക്കാരിനെ കരിതേച്ചുകാണിക്കാനും അട്ടിമറിക്കാനും വലതുപക്ഷ മാധ്യമങ്ങൾ ശ്രമിക്കുകയാണെന്ന സിപിഎമ്മിൻ്റെ ആരോപണം സാധൂകരിക്കുന്നതാണ് ഏഷ്യാനെറ്റ് ചമച്ച വ്യാജവാർത്ത.
പ്രതിപക്ഷമുക്ത ഭാരതം എന്ന ആർഎസ്എസ് അജൻഡയുടെ ഭാഗമായണ് ത്രിപുരയൽ ഇടതുപക്ഷത്തിനെതിരെ വ്യാപകമായ ആക്രമണം ആരംഭിച്ചിട്ടുള്ളത്. പാർടി ഓഫീസുകൾക്കും പാർടി പ്രവർത്തകരുടെയും നേതാക്കളുടെയും വീടിനും അവരുടെ കൃഷിസ്ഥലങ്ങൾക്കും തീയിടുകയാണ്. കൊള്ളക്കാരെപോലെ വീടുകളിൽ അതിക്രമിച്ച് കയറി ആഭരണങ്ങളും പണവും കൈക്കലാക്കിയതിന് ശേഷമാണ് വീടിന് തീയിടുന്നത്. വലിയ അവകാശവാദങ്ങളുന്നയിച്ച് തെരഞ്ഞെടുപ്പിനെ നേരിട്ട ബിജെപിക്ക് നേരിയ ഭൂരിപക്ഷത്തിന് ഭരണത്തിലെത്താനേ കഴിഞ്ഞുള്ളു. അതിലുള്ള അരിശമാണ് സിപിഎം – ഇടതുപക്ഷ പ്രവർത്തകർക്ക് നേരേ ഇപ്പോൾ കാണിക്കുന്നത്.