തിരുവനന്തപുരം: ഇടതുപക്ഷത്തിനെതിരെ വ്യാജവാർത്തകളുമായി അരങ്ങ് വാഴുന്ന ഏഷ്യാനെറ്റിനെതിരെ നിയമ നടപടിക്കൊരുങ്ങി ഡി വൈഎഫ് ഐ. ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റി അംഗം എം ഷാജറിനെക്കുറിച്ച് നൽകിയ വ്യാജ വാർത്തക്കെതിരെയാണ് നിയമനടപടി. നേരോടെ നിർഭയം നിരന്തരം എന്നവകാശപ്പെട്ട് ഏഷ്യാനെറ്റ് തുടർച്ചയായി നടത്തി വരുന്ന നുണപ്രചാരണങ്ങൾ അതിരു വിട്ടിരിക്കുകയാണ്.
സമൂഹത്തിൽ വർധിച്ച് വരുന്ന ലഹരി – ക്വട്ടേഷൻ – സ്വർണ്ണക്കടത്ത് ഉൾപ്പെടെയുള്ള സാമൂഹ്യ വിരുദ്ധ പ്രവണതകൾക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് സ്വീകരിച്ചിട്ടുള്ളതെന്ന് ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറിയറ്റ് വ്യക്തമാക്കി. ഈ വിഷയത്തിൽ നിരവധി ശക്തമായ ക്യാമ്പയിനുകൾക്ക് ഡി വൈ എഫ് ഐ നേതൃത്വം നൽകി. ഈ പോരാട്ടത്തെ ദുർബലപ്പെടുത്താനായി ഇതിന് നേതൃത്വം നൽകുന്നവർക്ക് ക്വട്ടേഷൻ – സ്വർണക്കടത്ത് സംഘവുമായി ബന്ധമുണ്ട് എന്ന് സ്ഥാപിക്കാൻ വലത് പക്ഷ മാധ്യമങ്ങൾ നിരന്തരം ശ്രമിക്കുകയാണ്.
ഇത്തരം വ്യാജ വാർത്തകൾ തള്ളിക്കളയണമെന്ന് ഡി വൈ എഫ് ഐ അഭ്യർഥിച്ചു. സമൂഹത്തിൽ വലതുപക്ഷ വൽക്കരണത്തിന്റെ ഭാഗമായി സംഭവിക്കുന്ന തെറ്റായ പ്രവണതകൾക്കെതിരായ സമരം ആശയ തലത്തിലും പ്രായോഗിക തലത്തിലും എല്ലാ വിഭാഗം ആളുകളെയും സംഘടിപ്പിച്ച് ഇനിയും മുന്നോട്ട് കൊണ്ട് പോവും. വ്യാജ വാർത്തകൾ നൽകി ഇത്തരം പോരാട്ടങ്ങളെ ദുർബലപ്പെടുത്താനുള്ള ചില മാധ്യമങ്ങളുടെ നീക്കം തിരിച്ചറിയണമെന്നും ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറിയേറ്റ് അഭ്യർഥിച്ചു.