തിരുവനന്തപുരം: രാജ്യത്തെ സഹകരണ മേഖലയെ കൈപ്പിടിയിലൊതുക്കാനുള്ള നീക്കം കേന്ദ്ര സർക്കാർ ശക്തമാക്കി. ഇതിൻ്റെ ഭാഗമായി സംസ്ഥാനങ്ങളെ മറികടന്ന് നേരിട്ട് പ്രാഥമിക സഹകരണ സംഘങ്ങൾ രൂപീകരിക്കാൻ കേന്ദ്ര മ ന്ത്രിസഭാ യോഗം തീരുമാനിച്ചു. രണ്ടു ലക്ഷം സഹകരണ സംഘങ്ങൾ തുടക്കത്തിൽ രൂപീകരിക്കും. പ്രാഥമിക കാർഷിക വായ്പാ സംഘങ്ങളും ക്ഷീര – മത്സ്യ സഹകരണ സംഘങ്ങളുമാണ് കേന്ദ്രം നേരിട്ട് രൂപീകരിക്കുന്നത്. സഹകരണ വകുപ്പിൻ്റെ കൂടി ചുമതലയുള്ള അമിത് ഷാ കേന്ദ്ര നീക്കങ്ങൾക്ക് ചുക്കാൻ പിടിക്കുന്നു. അമിത് ഷാ അധ്യക്ഷനായി ഉന്നതതല സമിതിക്കും രൂപം നൽകി. സഹകരണ സ്ഥാപനങ്ങൾക്കായി കേന്ദ്രം ബൈലോ തയ്യാറാക്കും.
നിലവിൽ കാർഷിക സംഘങ്ങളോ, ക്ഷീര സംഘങ്ങളോ ഇല്ലാത്ത എല്ലാ പഞ്ചായത്തുകളിലും വില്ലേജുകളിലും സംഘം രൂപീകരിക്കുമെന്നാണ് പ്രഖ്യാപനം, കേരളത്തിൻ്റെ സുശക്തമായ സഹകരണ മേഖല തകർക്കാൻ നരേന്ദ്ര മോദി ഗവൺമെന്റ് അധികാരത്തിൽ വന്നതു മുതൽ ശ്രമിക്കുകയാണ്. നോട്ടു നിരോധന ഘട്ടത്തിലും സഹകരണ മേഖലയിലേക്ക് കടന്നുകയറാൻ കിണഞ്ഞു ശ്രമിച്ചു. കേരളം ശക്തമായി ചെറുത്തു നിന്നതിനെ തുടർന്നാണ് അന്ന് കേന്ദ്ര സർക്കാർ പിന്മാറിയത്.
ഭരണഘടനാ ലംഘനം: മന്ത്രി വാസവൻ
ഇന്ത്യൻ ഭരണഘടനയിലെ 7 -ാം ഷെഡ്യൂളിലെ എൻട്രി 32 അനുസരിപ്പ് സഹകരണം സംസ്ഥാന വിഷയമാണെന്ന് സഹ കരണ വകുപ്പ് മന്ത്രി വി എൻ വാസവൻ ചൂണ്ടിക്കാട്ടി. ഭരണഘടന പ്രകാരം സംസ്ഥാന ലിസ്റ്റിൽപെടുന്ന വിഷയങ്ങളിൽ കേന്ദ്രസർക്കാരിന് നിയമനിർമ്മാണം നടത്താൻ പറ്റില്ല. ഈ ഭരണഘടനാ വ്യവസ്ഥ ലംഘിച്ചാണ് 1984 ൽ കേന്ദ്ര സർക്കാർ മൾട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിസ് ആക്ട് പാസാക്കിയത്. ബി.ജെ.പി സർക്കാർ 2022 ൽ ഈ നിയമം സമഗ്രമായി ഭേദഗതി ചെയ്തു. സംസ്ഥാന സർക്കാരിൻ്റെ അനുവാദം കൂടാതെ യഥേഷ്ടം മൾട്ടി സ്റ്റേറ്റ് സഹകരണ സംഘം രൂപീകരിക്കുന്നതിനും വ്യവസ്ഥ ചെയ്തു, ഇതിൻ്റെ ഭാഗമായി കേരളത്തിൽ ഉൾപ്പെടെ നിരവധി സംഘങ്ങൾ പ്രവർത്തിക്കുന്നുണ്ട്.
ഇത്തരം സംഘങ്ങൾക്ക് നിക്ഷേപം സ്വീകരിക്കുന്നതിനും, വായ്പ നൽകുന്നതിനും, പലിശ നിശ്ചയിക്കുന്നതിനും വ്യക്തമായ മാനദണ്ഡങ്ങളോ നിയന്ത്രണങ്ങളോ ഇല്ല. ഈ സംഘങ്ങൾ സംസ്ഥാനത്തെ സഹകരണ സംഘങ്ങളുടെ പ്രവർത്തനത്തെ ദോഷകരമായി ബാധിക്കും. സഹകരണ മേഖലയുടെ വിശ്വാസ്യത തകർക്കും.
സഹകരണ വിഷയവുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാർ 2012 ൽ വരുത്തിയ 97 -ാം ഭരണഘടനാ ഭേദഗതി സുപ്രീംകോടതി തള്ളിയിരുന്നു. സംസ്ഥാനങ്ങളെ ബാധിക്കുന്ന 97 -ാം ഭേദഗതി ഭരണഘടന വിരുദ്ധമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഭരണഘടന ബെഞ്ചിലെ ന്യായാധിപനായ ജസ്റ്റിസ്റ്റ്. കെ. എം. ജോസഫ് മൾട്ടി സ്റ്റേറ്റ് സഹകരണ സംഘം ആക്ട് ഭരണഘടനാപരമായി നിലനിൽക്കുന്നതല്ലെന്നും വ്യക്തമാക്കിയതാണ്.
സഹകരണ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നത്. ഒരു അംഗത്തിന് ഒരു വോട്ട് എന്ന ജനാധിപത്യ വ്യവസ്ഥയിൽ ഊന്നിനിന്നുകൊണ്ടാണ്. ഈ വ്യവസ്ഥ ലംഘിച്ചുകൊണ്ട് സഹകരണ അർബൻ ബാങ്കുകളുടെ ഷെയറുകൾ ബാങ്ക് /കമ്പനി വ്യവസ്ഥ പ്രകാരം വിൽക്കുന്നതിനും ലിസ്റ്റ് ചെയ്യുന്നതിനും B.R. Act ഭേദഗതിയിൽ വ്യവസ്ഥ ചെയ്തിട്ടുണ്ട്.
ഇൻകം ടാക്സിൻ്റെ 80 (P), 194 (N) തുടങ്ങിയ വ്യവസ്ഥകൾ പ്രകാരം സംസ്ഥാനത്തെ സഹകരണ ബാങ്കുകൾക്ക് നിലവിൽ ഉണ്ടായിരുന്ന ആനുകൂല്യങ്ങൾ നിഷേധിക്കുകയും പുതിയ വ്യവസ്ഥകൾ അടി ച്ചേൽപ്പിക്കുകയും ചെയ്യുന്നു.
കേന്ദ്ര സർക്കാർ സഹകരണ സംഘങ്ങളുടെ പൂർണ നിയന്ത്രണം കേന്ദ്രത്തിൽ നിക്ഷിപ്തമാക്കുന്നതിന് തീവ്രശ്രമം നടത്തിവരികയാണ്. ഇതിൻ്റെ തുടർച്ചയായാണ് ദേശീയതലത്തിൽ മൂന്ന് സഹകരണ സംഘങ്ങൾ രൂപീകരിക്കുന്നത്.
മൾട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് എക്സ്പോർട്ട് സൊസൈറ്റി, ദേശീയതല മൾട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സീഡ് സൊസൈറ്റി, ജൈവ ഉത്പന്നങ്ങൾക്കുള്ള ദേശീയതല സഹകരണ സംഘം എന്നിവയാണ് രൂപീകരിക്കുന്നത്.
ഈ സംഘങ്ങളിൽ സംസ്ഥാനങ്ങളിലെ സഹകരണ സംഘങ്ങൾ അംഗത്വമെടുക്കണമെന്ന് നിഷ്കർഷിച്ചിട്ടുണ്ട്. സംസ്ഥാനത്തെ സംഘങ്ങൾ മൾട്ടിസ്റ്റേറ്റ് സംഘങ്ങളിൽ അംഗത്വം എടുക്കുന്നതിലൂടെ അവയുടെ നിയന്ത്രണത്തിലാകുന്ന സാഹചര്യം സൃഷ്ടിക്കപ്പെടും ,
പ്രാഥമിക കാർഷിക വായ്പ സഹകരണ സംഘങ്ങൾക്ക് ഏകീകൃത സോഫ്റ്റ്വെയർ കേന്ദ്രം തയ്യാറാക്കി നൽകുമെന്നും സംസ്ഥാനങ്ങൾ ഈ സോഫ്റ്റ്വെയർ ഉപയോഗിക്കണമെന്നുമാണ് മറ്റൊരു നിർദ്ദേശം. വ്യക്തി വിവരങ്ങളടക്കം സംഘങ്ങളുടെ ഇടപാടുകൾ സംബന്ധിച്ച മുഴുവൻ വിവരങ്ങളും കേന്ദ്ര സർവറിലാണ് സൂക്ഷിക്കപ്പെടുക. ഇത് വിവിധ ഏജൻസികളുടെ ആവശ്യങ്ങൾക്കായി ഉപയോഗിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. വ്യക്തി വിവരങ്ങൾ അടക്കം കേന്ദ്ര സർക്കാരിന് ലഭ്യമാക്കുന്നതിനും ആവശ്യങ്ങൾക്ക് അനുസരിച്ച് ഉപയോഗപ്പെടുത്തുന്നതിനുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
സംസ്ഥാന സർക്കാർ കേരളത്തിലെ പ്രാഥമിക കാർഷിക സംഘങ്ങൾക്ക് ഏകീകൃത സോഫ്റ്റ് വെയർ തയ്യാറാക്കുന്നതിനുള്ള നടപടി സ്വീകരിച്ചിട്ടിട്ടണ്ട്. ഇത് അന്തിമഘട്ടത്തിലാണ്.
രാജ്യത്തെ പ്രാഥമിക കാർഷിക വായ്പാ സംഘങ്ങൾ, ക്ഷീര സംഘങ്ങൾ, മത്സ്യ സംഘങ്ങൾ എന്നിവ കർഷകർക്കും മത്സ്യത്തൊഴിലാളികൾക്കും ക്ഷീരകർഷകർക്കും കൂടുതൽ സേവനങ്ങൾ ലഭ്യമാക്കുന്നതിനായി ഡേറ്റാബേസ് തയ്യാറാക്കുന്നുണ്ട്. ഇതിൻ്റെ അടിസ്ഥാനത്തിൽ മുഴുവൻ സംഘങ്ങളുടെയും അടിസ്ഥാന വിവരങ്ങൾ പ്രസ്തുത ഡാറ്റാബേസിലേക്ക് നൽകുകയും ചെയ്തു.
പ്രസ്തുത വിവരങ്ങൾ ഉപയോഗപ്പെടുത്തി രാജ്യത്തെ വിവിധ പ്രദേശങ്ങളിൽ കേന്ദ്ര നിയമപ്രകാരം മൾട്ടി സ്റ്റേറ്റ് സഹകരണ സംഘങ്ങൾ രൂപീകരിക്കുന്നതിനാണ് കേന്ദ്രസർക്കാർ തീരുമാനം. ഡാറ്റാ ബേസിലെ വിവരങ്ങൾ ഉപയോഗപ്പെടുത്തി സംസ്ഥാനത്തെ സംഘങ്ങളുടെ മേൽ നേരിട്ട് നിയന്ത്രണമേർപ്പെടുത്താനാണ് കേന്ദ്രത്തിന്റെ നീക്കം.
കേരളത്തിൽ നിലവിൽ പഞ്ചായത്ത് അടിസ്ഥാനത്തിലാണ് പ്രാഥമിക കാർഷിക വായ്പാ സഹകരണ സംഘങ്ങൾ പ്രവർത്തിക്കുന്നത്. ആകെ 941 പഞ്ചായത്തുകൾ നിലവിലുള്ളപ്പോൾ 1607 പ്രാഥമിക കാർഷിക വായ്പാ സംഘങ്ങൾ ഇവിടെ പ്രവർത്തിക്കുന്നു. മത്സ്യമേഖലയിൽ 1562 സഹകരണ സംഘങ്ങളും, ക്ഷീര മേഖലയിൽ 3649 സംഘങ്ങളും പ്രവർത്തിക്കുന്നുണ്ട്. കേരളത്തിൻ്റെ അടിസ്ഥാന മേഖലയിൽ മികച്ച സംഭാവന നൽകുന്ന ഈ സഹകരണ സംഘങ്ങൾ അംഗങ്ങൾക്ക് മെച്ചപ്പെട്ട സേവനവും നൽകുന്നു.
കേരളത്തിലെ സഹകരണ പ്രസ്ഥാനം പ്രശംസനീയമായ നിലയിൽ ലോകത്തിനു തന്നെ മാതൃകയായി പ്രവർത്തിച്ചു വരികയാണ്. മനുഷ്യജീവിതത്തിൻ്റെ സർവ്വ മേഖലകളെയും സ്പർശിക്കുന്ന സഹകരണ പ്രസ്ഥാനം കോർപ്പറേറ്റ് കടന്നു കയറ്റങ്ങളെ ചെറുത്ത് പാവപ്പെട്ടവർക്കും സാധാരണക്കാർക്കും ആശ്വാസമായി നിലക്കൊള്ളുന്നു. സംസ്ഥാനത്തെ സഹകരണ പ്രസ്ഥാനത്തെ തകർക്കുന്നതിനും കേന്ദ്രസർക്കാരിൻ്റെ നിക്ഷിപ്ത താൽപര്യങ്ങൾ സഹകരണ മേഖലയിൽ അടിച്ചേൽപ്പിക്കുന്നതിനും, ലക്ഷ്യം വെച്ചാണ് കേന്ദ്ര സഹകരണ മന്ത്രാലയത്തിൻ്റെ നീക്കങ്ങൾ. കേന്ദ്ര സഹകരണ വകുപ്പ് മന്ത്രിയും കേന്ദ്ര സഹകരണ സെക്രട്ടറിയും സംസ്ഥാന സർക്കാരുമായോ സഹകരണ വകുപ്പ് മന്ത്രിയുമായോ ഇത്തരം വിഷയങ്ങൾ സംബന്ധിച്ച് ചർച്ച നടത്താതെ ഏകപക്ഷീയമായി തീരുമാനം അടിച്ചേൽപ്പിക്കുകയാണ്. വകുപ്പ് സെക്രട്ടറി, സഹകരണ രജിസ്ട്രാർ എന്നിവരുടെ യോഗം വിളിച്ച് നേരിട്ട് നിർദ്ദേശം നൽകുന്ന രീതിയാണ് കേന്ദ്ര സർക്കാർ അവലംബിക്കുന്നത്.
ഇത് ഭരണഘടനാ വ്യവസ്ഥകളുടെയും ഫെഡറൽ തത്വങ്ങളുടെയും നഗ്നമായ ലംഘനമാണ്. കേന്ദ്രസർക്കാർ നീക്കം പ്രതിഷേധാർഹമാണ്. സഹകരണ മേഖലയെ സംരക്ഷിക്കാൻ കേരളം ഒന്നിച്ചു നിൽക്കണം. കേന്ദ്ര നീക്കത്തിനെതിരെ നിയമപരമായ പോരാട്ടവും നടത്തുമെന്ന് മന്ത്രി പറഞ്ഞു.