തിരുവനന്തപുരം: കേരളത്തിൻ്റെ സ്വന്തം കെപിപിഎല്ലിൽ നിർമ്മിച്ച പേപ്പറിൽ പത്രത്താളുകൾ പ്രിന്റ് ചെയ്ത് ‘ദി ഹിന്ദു’. കഴിഞ്ഞ ദിവസം അച്ചടിച്ച പത്രത്തിൻ്റെ തിരുവനന്തപുരം എഡിഷനിലാണ് 7,8,9,10 പേജുകൾ കേരള പേപ്പറിൽ പ്രിന്റ് ചെയ്തത്.
കേന്ദ്ര സർക്കാർ വിൽപ്പനക്കു വെച്ച പ്രശസ്ത പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റ് ലിമിറ്റഡ് എൽ ഡി എഫ് സർക്കാർ ഏറ്റെടുത്താണ് കേരള പേപ്പർ പ്രൊഡക്ട്സിന് രൂപം നൽകിയത്. സംസ്ഥാന ഗവൺമെന്റ് നൽകിയ 700 ഏക്കറിലാണ് എച്ച് എൻ എൽ പ്രവർത്തിച്ചത്. നഷ്ടത്തിൻ്റെ പേരു പറഞ്ഞാണ് കേന്ദ്ര സർക്കാർ എച്ച് എൻ എൽ സ്വകാര്യ വ്യക്തികൾക്ക് കൈമാറാൻ ശ്രമിച്ചത്. കേന്ദ്രം വിൽപ്പന നീക്കം തുടങ്ങിയ ഘട്ടത്തിൽ തനെ കേരളം സ്ഥാപനം ഏറ്റെടുക്കാനുള്ള നടപടി ആരംഭിച്ചു. സംസ്ഥാന സർക്കാരിൻ്റെ ഇച്ഛാശക്തിയും ദിശാബോധവും കൊണ്ട് മാത്രമാണ് ഈ പൊതുമേഖലാ സ്ഥാപനം അന്യാധീനപ്പെടാതിരുന്നത്.
കേന്ദ്ര സർക്കാർ പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റഴിക്കുമ്പോൾ എങ്ങനെ ബദലാകുമെന്ന് വീണ്ടും വീണ്ടും കേരളം തെളിയിച്ചു കൊണ്ടിരിക്കുകയാണ്. അഞ്ചു ലക്ഷം ടൺ വാർഷിക ഉൽപ്പാദനവും 2700 കോടി രൂപയുടെ വാർഷിക വിറ്റുവരവുമാണ് കെ പി പി എൽ ലക്ഷ്യമാക്കുന്നത്.