എടപ്പാൾ: വിദ്യാർഥികളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ഒളിവിലായിരുന്ന യൂത്ത് ലീഗ് നേതാവായ അധ്യാപകൻ അറസ്റ്റിൽ. യൂത്ത് ലീഗ് പാലക്കാട് തൃത്താല മണ്ഡലം സെക്രട്ടറിയും കപ്പൂർ പഞ്ചായത്ത് മുൻ അംഗവുമായ കുമരനെല്ലൂർ എൻജിനിയർ റോഡ് സ്വദേശി കോമത്ത് സമദ് (40)ആണ് അറസ്റ്റിലായത്. ഇയാളെ ഒളിവിൽപോകാൻ സഹായിച്ച കൊള്ളന്നൂർ സ്വദേശി കുനിയക്കേതിൽ ശിഹാബിനെതിരെ (37)യും പോലീസ് കേസെടുത്തു.
പോലീസ് കേസെടുത്തതിനെ തുടർന്ന് സമദ് ഒളിവിൽ പോയിരുന്നു. ഇയാളെ കണ്ടെത്താനായി ചങ്ങരംകുളം പോലീസ് അന്വേഷണം ഊർജിതമാക്കുകയും ചെയ്തിരുന്നു. എന്നാൽ ബംഗളരുവിൽ ഒളിവിൽ കഴിഞ്ഞ പ്രതി ചങ്ങരംകുളം പോലീസ് സ്റ്റേഷനിലെത്തിയാണ് കീഴടങ്ങിയത്.
വട്ടംകുളം പഞ്ചായത്തിലെ പ്രൈമറി സ്കൂളിൽ പഠിക്കുന്ന ഒൻപതു കുട്ടികളാണ് അധ്യാപകൻ്റെ ആക്രമണത്തിന് ഇരയായത്. അധ്യാപകൻ ക്ലാസിൽവെച്ച് മോശമായി പെരുമാറുന്നതു സംബന്ധിച്ച് കുട്ടികൾ മറ്റധ്യാപകരോട് പരാതി പറയുകയായിരുന്നു. ഒൻപത് കുട്ടികളാണ് അധ്യാപകനെതിരേ മൊഴി നൽകിയത്.
ഒരാഴ്ചമുമ്പാണ് ഇയാൾക്കെതിരെ രക്ഷിതാക്കൾ ചൈൽഡ് ലൈനിൽ പരാതി നൽകിയത്. എൽപി സ്കൂൾ വിദ്യാർഥികളെ ലൈംഗികമായി ഉപദ്രവിച്ചെന്നായിരുന്നു പരാതി. പോലീസ് പോക്സോ ചുമത്തിയതോടെ ഇയാൾ ഒളിവിൽപോയി. ബംഗളൂരുവിലാണ് ഒളിവിൽകഴിഞ്ഞത്. ഒമ്പതു കേസുണ്ട്. ഇസമദിന് പുതിയ സിം കാർഡ് എടുത്തുകൊടുത്തതുൾപ്പെടെ സൗകര്യംചെയ്തതും ഒളിവിൽപോകാൻ സഹായിച്ചതും ശിഹാബാണ്.